25 വർഷത്തേക്ക് എങ്കിലും ബി. ജെ.പിയെ മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിരുത്താൻ അറിയാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
മരണപ്പെട്ട ഇന്റീരിയർ ഡിസൈനർ അൻവെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം തെറ്റായ ദിശയിലേക്ക് നയിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും മരണപ്പെട്ട അന്വേ നായിക്കിന്റെയും കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശിവസേനയുടെ മറുപടി.
അന്വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട അർണബിന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഇതിനുപിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും മരണപ്പെട്ട അന്വേ നായിക്കിന്റെ കുടുംബാംഗങ്ങളും തമ്മിൽ ഭൂമി ഇടപാടുകളുണ്ടായിരുന്നുവെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയത്. ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ കിരിത് സോമയ്യയെയാണ് ആരോപണം ഉന്നയിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ശിവസേന ബി.ജെ.പിക്കെതിരെ തുറന്നടിച്ചത്.
വരാനിരിക്കുന്ന 25 വര്‍ഷത്തേക്ക് ബി.ജെ.പിയെ മഹാരാഷ്ട്രയുടെ അധികാര ഭൂപടത്തിന് പുറത്തു നിർത്താൻ തങ്ങൾക്കറിയാമെന്നായിരുന്നു എം.പി കൂടിയായ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.