Site icon Ente Koratty

ബി.ജെ.പിക്കുളളിൽ കെ.സുരേന്ദ്രനെതിരെ വിമത നീക്കം ശക്തമാവുന്നു

ബി.ജെ.പിക്കുളളിൽ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ വിമത നീക്കം ശക്തമാവുന്നു. സുരേന്ദ്രന്‍റെ പ്രവർത്തന ശൈലിക്കെതിരെ 20ലേറെ പേർ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിനയച്ചു. സുരേന്ദ്രനെതിരെ പരാതി അയച്ച ശോഭാ സുരേന്ദ്രന് പിന്തുണയുമായി ദേശീയ സമതി അംഗം കെ.പി ശ്രീശനും രംഗത്തെത്തി.

ശോഭാ സുരേന്ദ്രനും പി.എം വേലായുധനും പിന്നാലെയാണ് കെ.സുരേന്ദ്രനെതിരെ ബി.ജെ.പി സംസ്ഥാന നേതൃനിരയിലെ 24 പേർ ഒപ്പിട്ട പരാതി പർട്ടി കേന്ദ്ര നേതൃത്വത്തിനയച്ചത്. സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തിൽ ഗ്രൂപ്പ് പ്രവർത്തനമാണ് പാർട്ടിക്കുളളിൽ ഇപ്പോൾ നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതേ നില തുടർന്നാൽ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരും.ഐക്യത്തോടെ മുന്നോട്ട് പോയാൽ തദേശ തെരഞ്ഞെടുപ്പിൽ ആറായിരത്തിലേറെ വാർഡുകളിൽ പാർട്ടിക്ക് ജയിക്കാനാവും.എന്നാൽ ഐക്യത്തിന് സംസ്ഥാന അധ്യക്ഷൻ തന്നെ വിലങ്ങുതടിയാവുന്നു.

കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന അധ്യക്ഷനെ തിരുത്തണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവർത്തനത്തിനെതിരെ ജില്ലാ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് പരാതി അയക്കാനും വിമത വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രന് പിന്തുണയുമായി കൂടുതൽ നേതാക്കൾ പരസ്യ പ്രതികരണവുമായി മുന്നോട്ട് വന്നതും ഒദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി. മറ്റു നിവൃത്തിയില്ലാത്തതു കൊണ്ടാണ് അവഗണിക്കപ്പെട്ടവർ പരസ്യമായി പ്രതികരിച്ചതെന്ന് ദേശീയസമിതിയംഗം കെ.പി ശ്രീശൻ തുറന്നടിച്ചു. അതേസമയം ശോഭ സുരേന്ദ്രൻ അടക്കമുളളവരെ അനുനയിപ്പിക്കാനുളള നീക്കങ്ങൾ പാർട്ടി നേതൃത്വം തുടങ്ങിയതായും സൂചനയുണ്ട്.

Exit mobile version