തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീ വിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവിദിനത്തിൽ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിൻ്റെ പേരിലായാൽക്കൂടി അനുവദിച്ചുകൂടെന്ന് കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണം. കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടിയന്തരമായി താൻ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് എം.സി.ജോസഫൈൻ ആവശ്യപ്പെട്ടു.
തിരുവന്തപുരത്ത് യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി മുല്ലപ്പള്ളി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
സർക്കാർ മുങ്ങിച്ചാകാൻ പോകുമ്പോൾ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട എന്നായിരുന്നു വാക്കുകൾ. അവരുടെ കഥ കേരളം കേട്ടുമടുത്തതാണെന്ന് പറഞ്ഞ മുല്ലപ്പള്ളി, ‘ഒരു സ്ത്രീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പീന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും, അല്ലെങ്കിൽ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്.. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നു എന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര് പറഞ്ഞിരിക്കുന്നത്.’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.
പ്രസ്താവന വിവാദമായതോടെ അതേചടങ്ങിൽ വച്ചുതന്നെ അദ്ദേഹം ഖേദപ്രകടനവും നടത്തിയിരുന്നു. ആർക്കെങ്കിലും എതിരായിട്ടുള്ള പരാമർശമല്ല എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നിർവ്യാജം ഖേദം പ്രകടിപ്പിച്ചത്. സർക്കാര്‍ രക്ഷപ്പെടാൻ കച്ചിത്തുരുമ്പ് അന്വേഷിച്ചു നടക്കുകയാണ് ആ പതനത്തിന്റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും മറ്റുള്ള വ്യാഖ്യാനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.