കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടതുമുന്നണിയുടെ ഭാഗമാകും. മുന്നണി യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യും. ഘടകകക്ഷിയായുള്ള പ്രഖ്യാപനം ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിനു ശേഷം ഉണ്ടാകും. ഇടതു മുന്നണിയില്‍ പതിനൊന്നാമത്തെ ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇന്ന് പ്രഖ്യാപിക്കുക. ശേഷിക്കുന്നത് ഔപചാരിക നടപടി ക്രമങ്ങള്‍ മാത്രമാണ്.
എല്‍ഡിഎഫ് തീരുമാനം അംഗീകരിക്കുമെന്ന് സിപിഐ വ്യക്തമാക്കിയതോടെ ജോസ് കെ. മാണിയുടെ ഇടതു പ്രവേശനത്തിന്റെ കടമ്പകള്‍ പൂര്‍ണമായും കടന്നു. ജോസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിച്ചത് സിപിഐഎമ്മിന്റെ നീക്കങ്ങളാണ്. രാഷ്ട്രീയ വിജയമാണോ എന്നതില്‍ കേരളം വിധിയെഴുതാനിരിക്കുന്നതേയുള്ളൂ. ജോസ് കെ മാണിയുടെ വരവോടെ ഇടതു പക്ഷത്ത് കേരള കോണ്‍ഗ്രസുകളുടെ എണ്ണം നാലാകും.
ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്കറിയ തോമസ് പക്ഷം, ബാലകൃഷ്ണപിള്ള വിഭാഗം എന്നിവ നിലവില്‍ എല്‍ഡിഎഫിലുണ്ട്. നിയമസഭയിലെ അംഗബലം 93 ആയി തുടരും. ഒഴിഞ്ഞു കിടക്കുന്ന ചവറ, കുട്ടനാട് സീറ്റുകള്‍ എല്ഡിഎഫിന്റെതായിരുന്നു. 2016ല്‍ ഭരണത്തിലെത്തുമ്പോള്‍ ഇടതുപക്ഷത്ത് എംഎല്‍എമാര്‍ 91 ആയിരുന്നു.