Site icon Ente Koratty

കേരള കോൺഗ്രസ് സീറ്റുകൾ കണ്ട് കോൺഗ്രസ് മോഹിക്കേണ്ട; നയം വ്യക്തമാക്കി പി.ജെ.ജോസഫ്

കോട്ടയം: ജോസ്.കെ.മാണി മുന്നണി വിടുന്ന സാഹചര്യത്തിൽ കോട്ടയത്തെ സീറ്റുകൾ സ്വന്തമാക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് നേരിട്ടുള്ള മറുപടി നൽകിയാണ് പി.ജെ ജോസഫ് രംഗത്ത് എത്തിയത്.

കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകൾ മറ്റാർക്കും വിട്ടു നൽകില്ലെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. പത്രങ്ങളിൽ സീറ്റുകളെക്കുറിച്ചുള്ള മോഹങ്ങൾ എഴുതിയിട്ട് കാര്യമില്ല എന്നായിരുന്നു ജോസഫിന്റെ ഒളിയമ്പ്. കേരള കോൺഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പി.ജെ ജോസഫ് തുറന്നുപറച്ചിൽ നടത്തിയത്.

മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു ജോസഫിന്റെ മുന്നറിയിപ്പ്. ഓരോ മണ്ഡലത്തിലെ പ്രത്യേകതകളും പി.ജെ ജോസഫ് എടുത്തുപറഞ്ഞു. ചങ്ങനാശേരിയിലും ഏറ്റുമാനൂരും ഒക്കെ ജോസ് പക്ഷത്തുനിന്ന് കൂടുതൽ നേതാക്കൾ എത്തിയകാര്യം ജോസഫ് ചൂണ്ടിക്കാട്ടി. മാത്രമല്ല ഇവിടങ്ങളിൽ പാർട്ടി പ്രവർത്തനം ശക്തമാക്കിയെന്നും ജോസഫ് പറയുന്നു.

ചങ്ങനാശ്ശേരി, പാലാ, പൂഞ്ഞാർ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റുകൾ സ്വന്തമാക്കാനാണ് കോൺഗ്രസ് നേതാക്കൾ നീക്കം തുടങ്ങിയത്. പല നേതാക്കളും അവരവർ ലക്ഷ്യമിടുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് തുറന്നടിച്ച് പി.ജെ ജോസഫ് രംഗത്തെത്തിയത്.

മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി ജോസഫ്, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എന്നിവരടക്കം നിരവധി നേതാക്കൾ ആണ് വിവിധ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടാൻ നീക്കം നടത്തുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വിട്ട് ചങ്ങനാശ്ശേരിയിൽ എത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ജോസ് പോയതോടെ ജോസഫ് പക്ഷത്തേക്കും നിരവധി നേതാക്കൾ എത്തിയിരുന്നു. ഇവരും സീറ്റുകൾ മോഹിക്കുന്നുണ്ട്. ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം യുഡിഎഫിന് വീണ്ടും തലവേദനയാകും എന്നുറപ്പാക്കുന്നതാണ് ജോസഫിന്റെ വാക്കുകൾ. ചില സീറ്റുകൾ വിട്ടു നൽകേണ്ടി വന്നാലും പരമാവധി സീറ്റുകൾ നേടാനുള്ള നീക്കമാകും കേരള കോൺഗ്രസിലെ തർക്കകാലത്ത് പി.ജെ ജോസഫ് നടത്തുക. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, ജോസഫ്.എം.പുതുശ്ശേരി, പ്രിൻസ് ലൂക്കോസ്, ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പിൽ, വിക്ടർ ടി തോമസ്, അറക്കൽ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചൻ തുടങ്ങി നിരവധി പേർ മാണി പക്ഷത്തുനിന്നും വിവിധ പാർട്ടികളിൽ നിന്നുമായി ജോസഫിൽ എത്തിയിട്ടുണ്ട്.

ഇവരിൽ പലർക്കും സീറ്റ് നൽകിയില്ലെങ്കിൽ ജോസഫ് ഗ്രൂപ്പിലും പൊട്ടിത്തെറി ഉണ്ടാകും. ഇതുകൂടി മുന്നിൽകണ്ടാണ് ജോസഫ് ഒരുപടി മുന്നേ ഇറങ്ങിയത്. നിരവധി കോൺഗ്രസ് നേതാക്കൾ ഉണ്ടെങ്കിലും കോട്ടയത്ത് സീറ്റ് നൽകാനാകാത്തത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കോട്ടയംകാരനായ കെ.സി ജോസഫിന് കണ്ണൂരിലെ ഇരിക്കൂറിൽ സീറ്റ് നൽകേണ്ടി വന്നതും, ജോസഫ് വാഴക്കന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ മത്സരിക്കേണ്ടി വരുന്നതും ഈ കാരണത്താലാണ്. എന്തായാലും ജോസ്.കെ.മാണി മുന്നണിവിട്ടത് കണ്ട് സീറ്റ് മോഹിക്കുന്ന കോട്ടയത്തെ നേതാക്കളുടെ ആഗ്രഹം അത്രയെളുപ്പം സഫലം ആകില്ലെന്നാണ് ജോസഫിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

Exit mobile version