Site icon Ente Koratty

എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി ചുമതലയേറ്റെടുത്തു

ന്യൂഡൽഹി: ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടി ചുമതല ഏറ്റെടുത്തു. ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യയ മാർഗിലെ കേന്ദ്ര ഓഫീസിൽ വച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അധ്യക്ഷനായിരുന്നു. എ.പി അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ ദേശീയ ഉപാധ്യക്ഷൻമാരാണ് ഇന്ന് ചുമതലയേറ്റത്.

രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് ജയ് പാണ്ഡെ, രഘുബർ ദാസ്, മുകുൾ റോയ്, രേഖ വർമ, അന്നപൂർണ ദേവി, ഭാരതി ബെൻ ഷിയാൽ, ഡി.കെ അരുണ, ചുബ ആവോ എന്നിവരാണ് ഇന്ന് ചുമതലയേറ്റെടുത്ത ദേശീയ ഉപാധ്യക്ഷൻമർ.

ഉപാധ്യക്ഷൻമാരെ കൂടാതെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയിന്റ് ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, വിവിധ പോഷക സംഘടന ഉപാധ്യക്ഷൻമാർ എന്നിവരെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പുതിയതായി നിയമിച്ചിട്ടുള്ളത്. ദേശീയ വക്താക്കളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ടോം വടക്കൻ ഇടം പിടിച്ചിരുന്നു.

പുതിയ ചുമലത നിർവഹിച്ച് മുന്നോട്ട് പോകാൻ തനിക്ക് എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും വേണമെന്ന് എ.പി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചു. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തി. കേരളത്തിലെയും ദക്ഷിണേന്ത്യയിൽ പൊതുവെയും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ബി.ജെ.പി അനുകൂല നിലപാട് ഉണ്ടെന്നും കേരളത്തിലെ പൊരുതുന്ന ബിജെപി പ്രവർത്തകർക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

സംസ്ഥാനരാഷ്ട്രീയത്തിൽ നിന്ന് വിട്ട് ദേശീയരാഷ്ട്രീയത്തിലേക്ക് ഉയർന്നിരിക്കുന്ന അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടി ആയിരിക്കുകയാണ്. സിപിഎം എംപിയായും കോൺഗ്രസ് എം എൽ എയായും ഇതിനുമുമ്പ് വിജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ഇപ്പോൾ ബിജെപിയിലൂടെ ദേശീയരാഷ്ട്രീയത്തിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. സിപിഎം വിട്ടാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ എത്തിയത്. കോൺഗ്രസിൽ എത്തി എം എൽ എ ഒക്കയായെങ്കിലും കഴിഞ്ഞവർഷം കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി. ഇതിനെ തുടർന്ന് ബിജെപിയിൽ ചേരുകയായിരുന്നു.

Exit mobile version