Site icon Ente Koratty

‘യുഡിഎഫിനെയും ബിജെപിയും ദുർബലപ്പെടുത്തും’; ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്കെന്ന് സൂചന നൽകി കോടിയേരി

തിരുവനന്തപുരം: യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. സിപിഎം മുൻകൈയെടുത്ത് ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ സൂചനകൾ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകി കഴിഞ്ഞു. യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്നാണ് ദേശാഭിമാനി ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുന്നത്.

യുഡിഎഫിൽ നിന്ന് വിട്ടുവരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്നും ഈ വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്നും ലേഖനത്തിൽ പറയുന്നു. യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. എൽഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന ഗതികേടിലായി. കേരള കോൺഗ്രസ് എമ്മിലെ രണ്ട് എംഎൽഎമാർ യുഡിഎഫിൽ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരള കോൺഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വോട്ട്ചെയ്യാതിരുന്നത്. കേരള കോൺഗ്രസ് എം ദേശീയതലത്തിൽ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാർഥിക്ക്‌ വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതെന്നും ​ലേഖനത്തില്‍ കോടിയേരി പറയുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചകളിലും വിട്ടുനിന്നതോടെ ജോസ് കെ മാണിക്കെതിരേ യുഡിഎഫിൽ, പ്രത്യേകിച്ച് കോൺഗ്രസിൽ അമര്‍ഷം ശക്തമാണ്. ജോസ് കെ മാണിക്കെതിരേ കടുത്ത നിലപാട് വേണമെന്ന മുറവിളിയാണ് ഇതോടെ ഉയരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും യുഡിഎഫ് നിർദേശം പാലിക്കാത്ത കേരള കോൺഗ്രസ് ജോസ് വിഭാഗത്തോട് ഇനി അനുനയം വേണ്ടെന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പൊതുവെ ഉയര്‍ന്ന അഭിപ്രായം.

രാഷ്ട്രീയ കാര്യസമിതിയിൽ ജോസ് പക്ഷത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. യുഡിഎഫിന്റെ വോട്ട് വാങ്ങി ജയിച്ച 2 എംഎൽഎമാർ വിപ്പ് നൽകിയിട്ടും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നത് നിസ്സാരമായി കാണാൻ കഴിയില്ലെന്നും രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി. യുഡിഎഫില്‍ തുടരാൻ താൽപര്യമില്ല എന്ന സൂചനയാണ് ഇത് കാട്ടുന്നത്. അതേസമയം ജോസ് പക്ഷം യുഡിഎഫ് വിട്ടാലും ഒപ്പം പോകാൻ ആഗ്രഹിക്കാത്തവരെ യുഡിഎഫിൽ പരിഗണിക്കണമെന്നും അഭിപ്രായമുയർന്നു.

Exit mobile version