സ്വര്‍ണക്കടത്ത് വിവാദം തിരിച്ചടിയായെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പാളിച്ച പറ്റിയതായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാനായില്ല. എം ശിവശങ്കറിനെ നിയന്ത്രിക്കുന്നതിലും വീഴ്ചപറ്റിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ വീഴ്ചപറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിന്റെ കാര്യത്തില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും സ്വയം വിമര്‍ശനപരമായി സിപിഐഎം കാണുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ വേണമെന്നും തീരുമാനമായി. എം ശിവശങ്കറിനെ പിന്തുണയ്ക്കേണ്ടതില്ലെന്നും സെക്രട്ടേറിയറ്റില്‍ തീരുമാനമായി.
സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷം പ്രതിച്ഛായ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഉയര്‍ന്നതോടെ പ്രതിച്ഛായ പിന്നിലേക്കായി. വിവാദങ്ങളില്‍ ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുന്നതില്‍ പ്രതിപക്ഷം വ്യാപൃതരായിരുന്നു. യാഥാര്‍ത്ഥ്യം ജനങ്ങളെ മനസിലാക്കിക്കാന്‍ വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതിനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി