കാഠ്മണ്ഡു: യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ഹൈന്ദവ വിശ്വാസമനുസരിച്ച് രാമജന്മഭൂമിയായ അയോധ്യ യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഗ്രാമമാണെന്നും കെ പി ശര്‍മ ഒലി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീരാമന്‍ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും കെ പി ശര്‍മ ഒലി പറഞ്ഞു. രാമന്റെ ജന്മസ്ഥലം ഉത്തർപ്രദേശിലെ അയോധ്യയിൽ അല്ല, ദക്ഷിണ നേപ്പാളിലെ ബിൽഗുഞ്ചിന് സമീപമുള്ള തോറിയിലെ ബാൽമീകി ആശ്രമത്തിന് സമീപമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ പി ശര്‍മ ഒലി.
ചരിത്രം വളച്ചൊടിച്ച് സംസ്കാരത്തിലും ഇന്ത്യയുടെ കടന്നുകയറിയെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞു. ”സീതാദേവി ഇന്ത്യയിലെ രാജകുമാരനായ ശ്രീരാമനെ വിവാഹം ചെയ്തുവെന്നാണ് നാം വിശ്വസിക്കുന്നത്. എന്നാൽ, അയോധ്യ ബിർഗുഞ്ചിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത്രയും അകലെയുള്ള വധൂവരന്മാർ വിവാഹം കഴിക്കുന്ന സാധ്യമല്ല, പ്രത്യേകിച്ച് ആശയമവിനിമയത്തിനോ യാത്രയോ ചെയ്യാനോ സംവിധാനങ്ങളൊന്നുമില്ലാത്ത കാലഘട്ടത്തിൽ”- അദ്ദേഹം പറഞ്ഞു.
”ബിർഗുഞ്ചിന് സമീപമാണ് യഥാർത്ഥ അയോധ്യ, അവിടെയാണ് ശ്രീരാമൻ ജനിച്ചത്. ഇന്ത്യയിൽ അയോധ്യയെ ചൊല്ലി തർക്കം നിലനിൽക്കുകയാണ്. എന്നാൽ നമ്മുടെ അയോധ്യയെ സംബന്ധിച്ച് തർക്കങ്ങളൊന്നുമില്ല”- മാധ്യമ ഉപദേഷ്ടാവ് സൂര്യ താപ്പയെ ഉദ്ധരിച്ച് ഒലി പറഞ്ഞു. ”ദശരഥ രാജാവ് നേപ്പാളിലെ ഭരണാധികാരിയായിരുന്നു. അതുകൊണ്ടുതന്നെ മകൻ ശ്രീരാമനും ജനിച്ചത് നേപ്പാളിലാണ്”- ഒലി പറഞ്ഞു.
ശാസ്ത്രീയമായ പല കണ്ടുപിടിത്തങ്ങളും അറിവുകളും പിറവിയെടുത്തത് നേപ്പാളിലായിരുന്നു. എന്നാൽ, സമ്പന്നമായ ആ പാരമ്പര്യം പിന്നീട് തുടർന്നുകൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞില്ല- ഒലി കൂട്ടിച്ചേർത്തു.
വിമർശനവുമായി ബിജെപി
”ഇന്ത്യയിലെ ഇടതുപാർട്ടികളും ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് കളിച്ചത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റുകളും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. ശ്രീരാമൻ നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നേപ്പാൾ പ്രധാനമന്ത്രിയോ, മറ്റാരെങ്കിലുമോ ആകട്ടെ, അതുവെച്ച് കളിക്കാൻ അവരെ ജനം അനുവദിക്കില്ല” -ബിജെപി വക്താവ് ബിസായ് സോങ്കർ ശാസ്ത്രി പറഞ്ഞു.