പിസി ജോർജ് യുഡിഎഫിലേയ്ക്ക് കടക്കുന്നുവെന്ന് സൂചന. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പി.സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കുന്ന രീതിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏതെങ്കിലും മുന്നണിയിൽ കടക്കുമെന്ന് പിസി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
പി.ജെ ജോസഫുമായി ലയിക്കണമെന്നാണ് പിസി ജോർജിന് മുമ്പാകെ കോൺഗ്രസ് വച്ച നിർദേശം. എന്നാൽ ലയന സാധ്യത പി.സി ജോർജ് തള്ളി. ഇലക്ഷൻ കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിയാണ് ജനപക്ഷം പാർട്ടി. പാർട്ടി തലത്തിൽ ഏതെങ്കിലുമൊരു പാർട്ടിയുമായി ലയന ചർച്ച നടത്തിയിട്ടില്ല. എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലമൊരു മുന്നണിയിൽ കടക്കുമെന്നും ജനപക്ഷം പാർട്ടിയായി മുന്നണിയിൽ വരാനാണ് താത്പര്യമെന്നും പിസി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
പിസി ജോർജിന് പൂഞ്ഞാർ ഉൾപ്പെടെയുള്ള പ്രദേശത്ത് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിസി ജോർജ് മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പോകുന്ന സ്ഥിതിക്ക് പിസി ജോർജ് എത്തുന്നത് ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ്.