കേരള കോൺഗ്രസ് (എം) എന്ന പ്രസ്ഥാനത്തെ പുറത്താക്കിയത് അനീതിയാണെന്നൊരു പൊതുവികാരം ഉയർന്നിട്ടുള്ളതായി ജോസ് കെ മാണി. യുഡിഎഫ് യോഗത്തിന് മുൻപ് വരെ പുറത്താക്കൽ നടപടിയിൽ ഒരു തിരുത്തലും ഉണ്ടായിട്ടില്ല. എന്നാൽ, ഇപ്പോൾ തിരുത്തൽ വന്നു. അത് രാഷ്ട്രീയ നിലപാടിലല്ല. സാങ്കേതിക തിരുത്തൽ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് ജോസ് കെ മണി മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് പാർട്ടിയുടെ നിലപാടിൽ ഒരു മാറ്റവുമുണ്ടാവില്ല. യുഡിഎഫ് യോഗം പറയുന്നതിനനുസരിച്ച് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് കൂറുമാറിയ വ്യക്തിക്ക് പാരിതോഷികമായി സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്ന് പറയുന്നത് നീതിയാണോ? അത് ‘രാഷ്ട്രീയ എത്തിക്ക്‌സ്’ ആണോയെന്നും അദ്ദേഹം ചോദിച്ചു.
യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന ഈ സാങ്കേതിക തിരുത്തലിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു. ഒരു ലോക്കൽ ബോഡി പ്രശ്‌നത്തിൽ നാല് പതിറ്റാണ്ടായി നിലകൊണ്ട പാർട്ടിയെ ഒറ്റ സെക്കന്റ് കൊണ്ട് പുറത്താക്കുന്ന നടപടി കേട്ട് കേഴ് വി പോലുമില്ലാത്ത കാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.
കാരുണ്യ പദ്ധതി മാണി സാറിന്റെ സമയത്ത് ഉണ്ടയിരുന്ന തീതിയിൽ കൊണ്ട് പോകണമെന്നും എല്ലാ രോഗങ്ങളെയും പദ്ധതി കവർ ചെയ്യപ്പെടണമെന്നും ജോസ് കെ മാണി പറഞ്ഞു.