Site icon Ente Koratty

പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ബംഗാളില്‍ സംയുക്ത സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്- ഇടത് സംഘടനകള്‍

ബംഗാളില്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഒന്നിച്ച് സമരം ചെയ്യാന്‍ കോണ്‍ഗ്രസ്- ഇടത് സംഘടനകള്‍ ധാരണയിലെത്തി. ഉംപുന്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മമത സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കെതിരെയും ഒരുമിച്ച് പോരാടും. കേന്ദ്ര സർക്കാറിനെതിരെ ഒന്നിച്ചുനിൽക്കാനാണ് കോൺഗ്രസ്-ഇടത് തീരുമാനം.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ബി.ജെ.പിക്കെതിരെയും ഒരുമിച്ച് നിന്നു പോരാടാനാണ് കോണ്‍ഗ്രസിന്‍റെയും ഇടതു സംഘടനകളുടെയും തീരുമാനം. ബുധനാഴ്ച ആര്‍.എസ്.പിയുടെ ഓഫീസില്‍ രാത്രി ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പെട്രോള്‍,ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ ജൂണ്‍ 29ന് നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള റെഡ് റോഡില്‍ പ്രതിഷേധം സംഘടിപ്പിക്കും. മെയ് 20 ന് ഉംപുന്‍ ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളിൽ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണത്തിലും നഷ്ടപരിഹാരത്തിലും ഉണ്ടായ ക്രമക്കേടുകൾക്കെതിരെയാണ് അടുത്ത പ്രക്ഷോഭം.അതിന്‍റെ തിയതി പിന്നീട് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോമന്‍ മിത്ര പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്നും മിത്ര അറിയിച്ചു.

“ബുധനാഴ്ചത്തെ മീറ്റിംഗിൽ ഞങ്ങൾ സംയുക്ത പ്രക്ഷോഭങ്ങളെക്കുറിച്ച് മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂ. വരാനിരിക്കുന്ന വോട്ടെടുപ്പുകളിൽ സീറ്റുകൾ പങ്കിടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന്” ആര്‍.എസ്.പി സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് വരുംകാലങ്ങള്‍ പറയും. എന്നാൽ അടുത്തിടെ നടന്ന വോട്ടെടുപ്പുകളുടെ ഫലം നോക്കിയാല്‍ ജനങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരേയൊരു പാർട്ടി ബിജെപിയാണെന്ന് വ്യക്തമാക്കുന്നതായി ബംഗാള്‍ ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ് പറഞ്ഞു. കോണ്‍ഗ്രസ്-ഇടത് സംയുക്ത സമരത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു പ്രക്ഷോഭത്തിനും അടിസ്ഥാന യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല. ടി.എം.സി മാത്രമാണ് ജനങ്ങളെ സേവിക്കുന്നതെന്ന് ആളുകൾക്ക് അറിയാം, ” ടി.എം.സി നേതാവും നഗരവികസന മന്ത്രിയും ഫിർഹാദ് ഹക്കീം പറഞ്ഞു.

Exit mobile version