Site icon Ente Koratty

മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് ഇന്ന് പുറപ്പെടും

മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് ഇന്ന് പുറപ്പെടും. റഷ്യയിൽ നിന്ന് യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്‌നാഥിന്റെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം. മോസ്‌കോ വിക്ടറി ഡേയിൽ നടക്കുന്ന പരേഡിലും രാജ്‌നാഥ് പങ്കെടുക്കും.

ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ സംവിധാനമായ എസ്400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ ഇന്ത്യ നടത്തും. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് എസ്400 സംവിധാനത്തിന്റെ കൈമാറ്റം 2021 ഡിസംബറിലേക്ക് റഷ്യ നീട്ടിയതായി മുൻപ് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, 5.4 ബില്യൺ ഡോളറിന്റെ കരാറിനുള്ള പേയ്‌മെന്റ് നടപടികൾ ഇന്ത്യ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു.

എന്നാൽ, റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം വച്ച്പുലർത്തുന്ന ചൈന ഇതിനകം എസ് 400 സംവിധാനം റഷ്യയിൽ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.  മാത്രമല്ല, നിലവിലുള്ള സുഖോയ്, മിഗ് വിമാനഭാഗങ്ങളുടെ ലഭ്യത വേഗത്തിലാക്കുകയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഇവയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്‌നാഥ് സിംങ് പരേഡിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. എന്നാൽ, ഈ നിർണായക ഘട്ടത്തിൽ ഇടപഴകാനുള്ള ഏറ്റവും മികച്ച അവസരമായതിനാൽ രാജ്‌നാഥ് സന്ദർശനം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു.

Exit mobile version