Site icon Ente Koratty

നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആറാമത് അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം അദ്ദേഹം വിവരിച്ചു. യോഗ ഐക്യവും ഒരുമയും വർദ്ധിപ്പിക്കുന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

പ്രാണായാമം എന്ന യോഗ അഭ്യസിക്കുന്നത് ശ്വാസകോശത്തിന്‍റെയും ശ്വാസനാളിയുടെയും ആരോഗ്യത്തിന് നല്ലതാണെന്നും ഇത് കോവിഡ് 19-നെ അതിജീവിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ഓരോരുത്തരെയും ശാന്തരാക്കുമെന്നും, ഇത് സമാധാനത്തോടെ കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ ലോകത്തെ പ്രാപ്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സരങ്ങൾക്കും വിശ്വാസങ്ങൾക്കും മുകളിലാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ കൂടിച്ചേരലുകളില്ലാതെ സാമൂഹിക അകലം പാലിച്ചാണ് യോഗദിനം ആചരിക്കുന്നത്. പ്രധാനമായും ഡിജിറ്റൽ പ്ലാറ്റുഫോമുകളിലൂടെയാണ് യോഗാ ദിനാചരണം. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രിയും യോഗാദിന സന്ദേശം നൽകിയത്.

2015 ജൂൺ 21 മുതലാണ് യോഗദിനം അന്താരാഷ്ട്രതലത്തിൽ ആചരിക്കാൻ തുടങ്ങിയത്. എന്നാൽ അതിനുശേഷം ഇതാദ്യമായാണ് കൂടിചേരലുകൾ ഇല്ലാതെ യോഗാദിനം ആചരിക്കുന്നത്. ‘യോഗ വീട്ടിൽ യോഗ കുടുംബത്തോടൊപ്പം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിന ആപ്തവാക്യം.

Exit mobile version