Site icon Ente Koratty

കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഓൺലൈൻ മദ്യ വിതരണ രംഗത്തേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇതിനുള്ള അനുമതി പത്രം Amazon.com Incക്ക് ലഭിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമ ബംഗാളിൽ ഓണ്‍ലൈൻ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതി പത്രമാണ് ആമസോണിന് ലഭിച്ചത്.

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപന നടത്താൻ യോഗ്യതയുള്ള കമ്പനികളുടെ കൂട്ടത്തിൽ ആമസോണുമുണ്ടെന്ന് പശ്ചിമബംഗാൾ ബിവറേജസ് കോർപറേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആലിബാബയുടെ ഇന്ത്യൻ കമ്പനിയായ ബിഗ് ബാസ്ക്കറ്റും സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യ വിൽപന നടത്താൻ അനുമതി നേടിയിട്ടുണ്ടെന്നും കോർപറേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജനസംഖ്യയുടെ കാര്യത്തിൽ രാജ്യത്തെ വലിയ നാലാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ഒൻപത് കോടിയിലധികം ജനസംഖ്യയാണ് സംസ്ഥാനത്തുള്ളത്. ഓൺലൈൻ വിൽപനക്കുള്ള കരാറുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവയ്ക്കാൻ സംസ്ഥാനം ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ആമസോണ്‍ അധികൃതർ തയാറായിട്ടില്ല.

Exit mobile version