ജൂൺ 9ന് ഉത്തർ പ്രദേശ് സർക്കാർ ഒരു കരട് ഓർഡിനൻസിന് അംഗീകാരം നൽകി. പശുക്കളെ സംരക്ഷിക്കുന്നതിനും പശുക്കളെ അറക്കുന്നത് തടയുന്നതിനും വേണ്ടിയുള്ളതാണ് അത്.
ലഖ്നൗ: പശുവും ഗീതയും ഗംഗയുമാണ് ഇന്ത്യയുടെ വ്യക്തിത്വമെന്ന് ഉത്തർപ്രദേശ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി.
ഈ മൂന്ന് അസ്തിത്വങ്ങൾ കാരണമാണ് ഇന്ത്യ ലോകനേതാവായതെന്നും യുപി മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് തടയാൻ മുൻ സർക്കാരുകൾ യാതൊരുവിധ നടപടികളും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പശു, ഗംഗ, ഗീത എന്നിവയാണ് ഇന്ത്യയുടെ സ്വത്വം. ഇവ മൂലമാണ് ഇന്ത്യ ഒരു വിശ്വ ഗുരുവായി മാറിയത്’, സംസ്ഥാനത്തെ ക്ഷീര, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി പറഞ്ഞു.
‘നമ്മുടെ രാജ്യത്ത് എരുമകൾ ഇല്ലാതിരുന്ന കാലത്ത് പശുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നവജാത ശിശുവിന് അമ്മയുടെ പാൽ കഴിഞ്ഞാൽ നൽകാൻ ഏറ്റവും നല്ലത് ഇവിടുത്ത പശുക്കളുടെ പാലാണെന്ന് ഡോക്ടർമാർ പോലും പറഞ്ഞിട്ടുണ്ട്’ – അദ്ദേഹം പറഞ്ഞു.
പശുക്കളെ സംരക്ഷിക്കുന്നതിനും അവയുടെ കശാപ്പ് തടയുന്നതിനു ശക്തമായ നിമയത്തിന്റെ ആവശ്യമുണ്ട്. മുൻ സർക്കാരുകളുടെ കാലത്ത് പശുവിനെ കൊല്ലുന്ന നിരവധി കേസുകൾ ഉണ്ടായിരുന്നു. എന്നാൽ, അവയൊന്നും തടയാൻ ഇവിടുത്തെ സർക്കാരുകൾ കാര്യമായൊന്നും ചെയ്തില്ല. നേരത്തെ, ഇത് ജാമ്യം ലഭിക്കുന്ന കുറ്റമായിരുന്നു. കുറ്റവാളികൾക്ക് ദിവസങ്ങൾക്കുള്ളിൽ ജാമ്യം ലഭിക്കുമായിരുന്നു.
ജൂൺ 9ന് ഉത്തർ പ്രദേശ് സർക്കാർ ഒരു കരട് ഓർഡിനൻസിന് അംഗീകാരം നൽകി. പശുക്കളെ സംരക്ഷിക്കുന്നതിനും പശുക്കളെ അറക്കുന്നത് തടയുന്നതിനും വേണ്ടിയുള്ളതാണ് അത്. ഓർഡിനൻസ് അനുസരിച്ച് പശുക്കളെ അറക്കുന്നത് തടയുന്നതിനും പരമാവധി 10 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും നൽകണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗം ഓർഡിനൻസിന്റെ കരട് അംഗീകരിച്ചിരുന്നു.
ആദ്യ കുറ്റത്തിന് ഒരാൾക്ക് ഒന്ന് മുതൽ ഏഴ് വർഷം വരെ കഠിനശിക്ഷ നൽകാം. ഒരു ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ പിഴയും ഈടാക്കാം. രണ്ടാമത്തെ കുറ്റത്തിന് വ്യക്തിക്ക് 10 വർഷം കഠിനതടവും 5 ലക്ഷം രൂപ വരെ പിഴയും നൽകാമെന്നും സംസ്ഥാനസർക്കാർ അറിയിച്ചു.