ന്യൂഡല്‍ഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് 1.70 രൂപയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചത്തെ വില. ലോക്ക് ഡൗണിനു പിന്നാലെ ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി എക്സൈസ് തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് കാരണം. വരും ദിസവങ്ങളിൽ ലിറ്ററിന് ആറുരൂപവരെകൂടിയേക്കാമെന്നാണ് വിലിയിരുത്തല്‍.