Site icon Ente Koratty

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടക്കും. തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും.

തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി നവംബര്‍ 12നാണ് അവസാനിക്കുന്നത്. അതിന് മുന്‍പ് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടത് കൊണ്ട് ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങള്‍ കമ്മീഷന്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഈ മാസം 17ന് കമ്മീഷന്‍ പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് ലഭിച്ച പരാതികളില്‍ ഇനിയും തീര്‍പ്പാക്കാനുള്ളവ ജൂണ്‍ 15നകം പൂര്‍ത്തിയാക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതുവരെ ഫോട്ടോ ഉള്‍പ്പെടെ മറ്റ് രേഖകള്‍ ഹാജരാക്കാത്തവര്‍ ജൂണ്‍ 9 മുതല്‍ 11 വരെ നേരിട്ടോ അല്ലാതെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പിന് മുന്‍പ് അടുത്ത മാസവും തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കും. പുതിയതായി 21 ലക്ഷത്തോളം അപേക്ഷകളാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കമ്മീഷന് ലഭിച്ചിരിക്കുന്നത്.

Exit mobile version