പാലക്കാട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ മനേക ഗാന്ധിക്കെതിരെ കേരള സൈബര്‍ വാരിയേഴ്സ്. മൃഗ സംരക്ഷണത്തിനായി മനേക ഗാന്ധിക്ക് കീഴില്‍ നടത്തുന്ന ‘പീപ്പിള്‍ ഫോര്‍ എനിമല്‍ ഇന്ത്യ’ എന്ന വെബ്സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തത്. അക്കൗണ്ട് ഹാക്ക് ചെയ്ത കേരള സൈബര്‍ വാരിയേഴ്സ് ആനക്കെതിരായ അതിക്രമം യഥാര്‍ത്ഥത്തില്‍ നടന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്തെ ഹിന്ദു, മുസ്ലിം സൗഹാര്‍ദം തകര്‍ക്കാനാവാത്തതാണ് എന്ന് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്ത വെബ്സൈറ്റില്‍ കുറിച്ചു. വെബ്സൈറ്റ് ഇത് വരെ മനേക ഗാന്ധിക്ക് കീഴിലുള്ള ‘പീപ്പിള്‍ ഫോര്‍ എനിമല്‍ ഇന്ത്യ’-ക്ക് തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടില്ല.
മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.