Site icon Ente Koratty

‘ഈ മാസം വരേണ്ടത് 360 ഫ്‌ളൈറ്റുകൾ; കേന്ദ്രം ക്രമീകരിച്ചത് 36 എണ്ണം മാത്രം; കേന്ദ്രത്തെ കുറ്റപ്പെടുത്താനില്ല’ : മുഖ്യമന്ത്രി

വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ നിബന്ധന വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിമാനവും വരേണ്ടന്നും പറഞ്ഞിട്ടില്ല. വിമാനങ്ങൾ വരുന്നതിന് സംസ്ഥാനം പൂർണ സമ്മതം അറിയിച്ചിരുന്നു. 360 ഫ്‌ളൈറ്റുകളാണ് സംസ്ഥാനത്ത് വരേണ്ടത്. എന്നാൽ ജൂൺ 3 മുതൽ ജൂൺ 10 വരെ കേന്ദ്രം ക്രമീകരിച്ചത് 36 ഫ്‌ലൈറ്റുകൾ മാത്രമാണെന്നും സംസ്ഥാനം അനുമതി നൽകിയിട്ടും 324 ഫ്‌ളൈറ്റുകൾ ഇനിയും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തെ കുറ്റപ്പെടുത്താനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിന് പുറത്ത് നിന്നും ദിവസേന ആളുകൾ വരുന്നുണ്ട്. സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണ്. പുറത്തു നിന്നുള്ളവർ വന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി. എന്നാലും സമ്പർക്കത്തിലൂടെ രോഗം പടരുന്നത് പിടിച്ചു നിർത്താനായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140 വിമാനങ്ങൾ ഇന്നലെ വരെയെത്തിയിട്ടുണ്ട്.

40 ചാർട്ടേഡ് ഫ്‌ളൈറ്റുകൾക്ക് കേരളം അനുമതി നൽകിയിട്ടുണ്ട്. 14 ഫ്‌ളൈറ്റുകൾ മാത്രം ജൂൺ 2 വരെ ഷെഡ്യൂൾ ചെയ്തു. യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ചാർട്ടേഡ് ഫ്‌ളൈറ്റിൽ കൊണ്ടു വരുന്നതിന് നിബന്ധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരക്ക് വന്ദേമ ഭാരത മിഷന് തുല്യമാകണമെന്നും മുൻഗണന പട്ടികയിലുള്ളവർക്ക് മുൻഗണന നൽകണമെന്നുമാണ് നിബന്ധനകൾ. മറ്റു നിബന്ധനകൾ ഇല്ല.

ചില സ്വകാര്യ വിമാന കമ്പനികൾ സർവീസ് നടത്തുന്നതിന് അനുമതി ചോദിച്ചിട്ടുണ്ട്. അത് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പൈസ് ജറ്റ് ഒരു മാസം 300 ഫ്‌ളൈറ്റിന് അനുമതി ചോദിച്ചിട്ടുണ്ട്. രോഗമില്ലാത്തവരെ മാത്രമേ കൊണ്ടുവരൂ എന്ന നിബന്ധന സ്‌പൈസ് ജെറ്റിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version