Site icon Ente Koratty

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; സൈനിക മേധാവിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

കിഴക്കൻ ലഡാക്കിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയെന്നതായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. എന്നാൽ സൈന്യത്തിൽ വരുത്തേണ്ട പരിഷ്ക്കാരങ്ങളും ചർച്ചയായി.

തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും കിഴക്കൻ ലഡാക്കിലെ 3,500 കിലോമീറ്ററോളം വരുന്ന ചൈന-ഇന്ത്യ അതിർത്തിയിൽ തന്ത്രപ്രധാനമായ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നത് ഇന്ത്യ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണ രേഖയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നിർമ്മാണങ്ങൾ നിർത്തണമെന്ന ഉപാധി ചൈന മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ഇതു സ്വീകാര്യമല്ലെന്നനിലപാടാണ് ഇന്ത്യസ്വീകരിച്ചിരിക്കുന്നത്.  ഇന്ത്യൻ അതിർത്തിയിൽ പിൻമാറാൻ ചൈന തയാറാകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 20 ദിവസമായി അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ സംബന്ധിച്ച് സേനാമേധാവിമാർ പ്രതിരോധ വകുപ്പ് മന്ത്രി  രാജ്നാഥ് സിംഗിനെ ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്.ലഡാക്കിലെ സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ലഡാക്കിലെയും വടക്കൻ സിക്കിമിലെയും ഉത്തരാഖണ്ഡിലെയും സ്ഥിതിഗതികൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രണ്ടു ദിവസം മുൻപ് കരസേനാ മേധാവിയും പ്രതിരോധമന്ത്രിയെ സന്ദർശിച്ചിരുന്നു.

Exit mobile version