Site icon Ente Koratty

നാലാം ഘട്ട ലോക്ക് ഡൗൺ: വിമാന, മെട്രോ സർവീസുകൾ ഇല്ല; ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല

നാലാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ കേന്ദ്രം പുറത്തിറക്കി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. രാജ്യാന്തര-ആഭ്യന്തര വിമാന സർവീസുകൾ മെയ് 31 വരെ പ്രവർത്തനം നടത്തില്ല. മെട്രോ ട്രെയിൻ സർവീസുകൾക്കും വിലക്കുണ്ട്. ആരാധനാലയങ്ങളും മത, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് തന്നെ കിടക്കും.

റസ്റ്ററൻ്റുകൾ, തീയറ്ററുകൾ, മാളുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയൊക്കെ അടഞ്ഞ് കിടക്കും. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാം. എന്നാൽ കാഴ്ചക്കാരെ അനുവദിക്കില്ല. ഒരു തരത്തിലുമുള്ള സാമൂഹിക–രാഷ്ട്രീയ–വിനോദ–വിദ്യാഭ്യാസ–സാംസ്കാരിക–മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും അനുവദിക്കില്ല.

മെയ് 18 മുതൽ മാളുകളിലെയും കണ്ടെയ്ന്മെൻ്റ് സോണുകളിലെയും ഒഴികെയുള്ള ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. പക്ഷേ, പ്രവർത്തനത്തിന് സമയക്രമം ഉണ്ടാവും. ഓൺലൈൻ ലേണിംഗ് പ്രോത്സാഹിപ്പിക്കും. ഹോം ഡെലിവറികൾക്കായി റസ്റ്ററൻ്റുകൾക്ക് അടുക്കളകൾ പ്രവർത്തിപ്പിക്കാം. കൊവിഡ് പ്രതിരോധത്തിനു വേണ്ടി ഉപയോഗിക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും തുറന്ന് പ്രവർത്തിക്കാം. ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിലെ കാൻ്റീനുകൾക്ക് പ്രവർത്തനാനുമതിയുണ്ട്.

കണ്ടെയ്മന്മെൻ്റ് സോണുകളിൽ അവശ്യ സേവനം മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് അകത്തേക്കും പുറത്തേക്കും പോകാൻ പാടില്ല. സോണുകൾ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാരുകൾക്കും കണ്ടെയ്ന്മെൻ്റ് സോണും ബഫർ സോണും ജില്ലാ ഭരണകൂടങ്ങൾക്കും തീരുമാനിക്കാം. ഇതൊക്കെ ആരോഗ്യവകുപ്പിൻ്റെ മാനദണ്ഡപ്രകാരം മാത്രമേ തീരുമാനിക്കാവൂ.

Exit mobile version