Site icon Ente Koratty

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാം, പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് പുതിയ നയം: ഇന്നത്തെ പ്രഖ്യാപനങ്ങള്‍

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ അവസാനഘട്ടം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവത്കരിക്കും. തന്ത്ര പ്രധാന മേഖലയില്‍ കൂടുതൽ സ്വകാര്യ നിക്ഷേപത്തിന് അവസരം നൽകും. പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് പുതിയ നയം പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ അഞ്ച് ശതമാനം വരെ കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കും. കേരളത്തിന് പതിനെണ്ണായിരം കോടി രൂപയാണ് അധികമായി വായ്പയെടുക്കാന്‍ കഴിയുക.

ഇന്ന് പ്രഖ്യാപിച്ചത് ഏഴ് പദ്ധതികളാണ്. നിരവധി പരിഷ്കാരങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചെന്നും ഈ പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് അഞ്ചാം ഘട്ടത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

1. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില്‍ നീക്കിവെച്ചത് 61,000 കോടി രൂപയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് അധികമായി 40,000 കോടി രൂപ അനുവദിക്കും. 300 കോടി തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കുക ലക്ഷ്യം.

2. ആരോഗ്യ മേഖലയിലെ പൊതുനിക്ഷേപം വര്‍ധിപ്പിക്കും. ഗ്രാമ, നഗര മേഖലകളില്‍ നിക്ഷേപം നടത്തും. പകര്‍ച്ചവ്യാധികള്‍ക്കുള്ള ആശുപത്രി ബ്ലോക്കുകള്‍ എല്ലാ ജില്ലകളിലും. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും പൊതു ലാബുകള്‍ തുടങ്ങും.

3. സ്കൂള്‍ വിദ്യാഭ്യാസത്തിന് ഇ പ്ലാറ്റ്ഫോം. പാഠപുസ്തകങ്ങള്‍ ഇ പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കും. ക്യു ആര്‍ കോഡുകള്‍ ഉപയോഗിച്ച് പാഠപുസ്തകങ്ങള്‍ വായിക്കാം. ഒരു ക്ലാസിന് ഒരു ടെലിവിഷന്‍ ചാനല്‍ എന്ന രീതിയില്‍ 12 ചാനലുകള്‍. വിദ്യാഭ്യാസത്തിന് റേഡിയോയും കമ്മ്യൂണിറ്റി റേഡിയോയും ഉപയോഗപ്പെടുത്തും. കാഴ്ച – ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രയോജനപ്പെടും വിധത്തിലും വിദ്യാഭ്യാസ ചാനല്‍. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും പദ്ധതി.

4. വ്യവസായ സ്ഥാപനങ്ങളെ കടബാധ്യതയില്‍ നിന്നൊഴിവാക്കും. കോവിഡ് കാലത്തുണ്ടായ ബാധ്യത, തിരിച്ചടവ് മുടങ്ങിയതായി കണക്കാക്കില്ല. കമ്പനികള്‍ നടപടിക്രമങ്ങളില്‍ വരുത്തുന്ന വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമാകുന്ന വ്യവസ്ഥകള്‍ ഒഴിവാക്കും. കമ്പനികളുടെ വാര്‍ഷിക പൊതുയോഗം കൃത്യസമയത്ത് നടക്കാത്തതിന് ക്രിമിനല്‍ കേസെടുക്കാന്‍ ഇപ്പോള്‍ കഴിയും. നിയമം ഭേദഗതി ചെയ്ത് ഇത്തരം പിഴവുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കും. ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വിദേശത്തെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവാദം നല്‍കും.

5. പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് പുതിയ നയം പ്രഖ്യാപിക്കും. സ്വകാര്യ നിക്ഷേപത്തിന് തുറന്നു കൊടുക്കും. സര്‍ക്കാര്‍‌ വിജ്ഞാപനം ചെയ്യുന്ന മേഖലകളില്‍ ഒരു പൊതുമേഖലാ സ്ഥാപനമെങ്കിലുമുണ്ടാകും. തന്ത്ര പ്രധാന മേഖലയെന്ന് വിജ്ഞാപനം ചെയ്യുന്ന മേഖലയില്‍ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം. ഇത്തരം മേഖലകളില്‍ നാലിലധികം പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കില്‍ ലയിപ്പിക്കും. തന്ത്രപ്രധാന മേഖലയെന്ന് വിജ്ഞാപനം ചെയ്യുന്ന മേഖലയില്‍ കൂടുതല്‍ സ്വകാര്യ കമ്പനികളെ അനുവദിക്കും.

6. സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടായി. സംസ്ഥാനങ്ങള്‍ക്ക് വേണ്ട സഹായം കോവിഡ് പ്രതിരോധ കാലത്ത് കേന്ദ്രം നല്‍കുന്നുണ്ട്. 46,038 കോടി രൂപ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം നികത്തുന്നതിന് 12,390 കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് 11,092 കോടി രൂപ മുന്‍കൂറായി അനുവദിച്ചു. സംസ്ഥാനങ്ങള്‍ക്ക് ദൈനംദിന ചെലവിന് മൂന്‍കൂറായി എടുക്കാവുന്ന തുകയുടെ പരിധി 60 ശതമാനമാക്കി.

7. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാം. മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ അഞ്ച് ശതമാനം കടമെടുക്കാം. നിലവില്‍ മൂന്ന് ശതമാനമായിരുന്നു പരിധി. 2020 – 21 സാമ്പത്തിക വര്‍ഷത്തേക്കാണ് കടമെടുക്കാവുന്ന പരിധി കൂട്ടിയത്. സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കുമെന്നും മന്ത്രി.

ഇതുവരെ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് മന്ത്രി അഞ്ചാംഘട്ട പ്രഖ്യാപനം തുടങ്ങിയത്. 8.19 കോടി കര്‍ഷകര്‍ക്ക് 2000 രൂപ വീതം നല്‍കി. 20 കോടി ജന്‍ധന്‍ അക്കൌണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കി. ജന്‍ധന്‍ അക്കൌണ്ടുകളിലേക്ക് നല്‍കിയത് 10000 കോടിയിലേറെ രൂപയാണ്. 6.81 കോടി കുടുംബങ്ങളിലേക്ക് സൌജന്യമായി പാചക വാതക സിലിണ്ടറുകളെത്തിച്ചു. പ്രൊവിഡന്‍റ് ഫണ്ടില്‍ നിന്ന് തൊഴിലാളികള്‍ പിന്‍വലിച്ചത് 3361 കോടി രൂപയാണ്. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നതിനുള്ള ട്രെയിന്‍ ടിക്കറ്റിന്‍റെ 85 ശതമാനം കേന്ദ്രം വഹിച്ചു. അതിഥി തൊഴിലാളികളുടെ യാത്രയുടെ ബാക്കി ചെലവ് സംസ്ഥാനങ്ങളാണ് വഹിച്ചതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് പ്രഖ്യാപിച്ചത് 15,000 കോടി രൂപയാണ്. ഇതില്‍ 4113 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 3750 കോടി രൂപ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ചെലവിട്ടു.

കോവിഡ് ലാബുകള്‍ക്കും ടെസ്റ്റ് കിറ്റുകള്‍ക്കുമായി ചെലവിട്ടത് 550 കോടി. ലോക് ഡൌണ്‍ കാലത്ത് വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഇളവുകള്‍ നല്‍കി. ബോര്‍ഡ് മീറ്റിംഗുകളും വാര്‍ഷിക പൊതുയോഗങ്ങളും നടത്തുന്നതിനുള്ള കാലപരിധി നീട്ടി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ടെലിവിഷന്‍ ചാനലുകളിലൂടെ അധ്യാപനം പ്രോത്സാഹിപ്പിച്ചു. വിദ്യാഭ്യാസത്തിന് 12 ടെലിവിഷന്‍ ചാനലുകള്‍ കൂടി തുടങ്ങും.

Exit mobile version