കൊവിഡ് പ്രതിസന്ധി മറികടക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകികൊണ്ടുള്ളതാണ് പ്രഖ്യാപനം. കാർഷി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിക്ഷേപങ്ങൾക്ക് എട്ട് പ്രഖ്യാപനങ്ങളും ഭരണപരമായ പരിഷ്‌കാരങ്ങൾക്ക് മൂന്ന് പ്രഖ്യാപനങ്ങളുമായി ആകെ പതിനൊന്ന് പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.
1. കാർഷിക മേഖലയുടെ വികസനത്തിന് ഒരു ലക്ഷം കോടി
കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപ നീക്കിവച്ചു. വിളവെടുപ്പിന് ശേഷം കാർഷികോത്പന്നങ്ങളുടെ പരിശീലനത്തിനായി തുക ഉപയോഗിക്കും. കാർഷികോത്പന്നങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് കോൾഡ് സ്‌റ്റോറേജുകൾക്ക് സാമ്പത്തിക സഹായം.
2.സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങൾക്ക്
ഭക്ഷ്യോത്പാദനവുമായി ബന്ധപ്പെട്ട സൂക്ഷ്മ സംരംഭകങ്ങൾക്ക് 10,000 കോടി. ചെറുകിട യൂണിറ്റുകൾക്ക് സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഗുണമേന്മ വർധിപ്പിക്കാനും ഇത് ഉപയോഗിക്കും. രണ്ട് ലക്ഷം സൂക്ഷ്മ സംരംഭകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
3.മത്സ്യമേഖലയ്ക്ക് 20,000 കോടി
മത്സ്യബന്ധന മേഖലയിൽ 20,000 കോടിയുടെ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. 11,000 കോടി സമുദ്ര മത്സ്യബന്ധനം, മത്സ്യ കൃഷിക്കായി നീക്കിവച്ചു. 70 ലക്ഷം ടൺ എങ്കിലും ഉത്പാദനം വർധിപ്പിക്കാനാണ് ശ്രമം. ബാക്കി 9000 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും.
4. മൃഗരോഗ നിയന്ത്രണ പദ്ധതി
മൃഗങ്ങളുടെ വായ, പാദ രോഗങ്ങൾ തടയാനായി 13,343 കോടിയുടെ പദ്ധതി. രാജ്യത്തെ 53 കോടി വളർത്തുമൃഗങ്ങൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കും. വാക്‌സിനേഷൻ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതുവരെ 1.5 കോടി പശുക്കൾക്കും എരുമകൾക്കും വാക്‌സിനേഷൻ നൽകി
5. മൃഗപരിപാലനത്തിന് 15,000 കോടി
മൃഗപരിപാലന മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായി 15,000 കോടിയുടെ ഫണ്ട്. കയറ്റുമതിക്കായുള്ള പ്ലാന്റുകൾക്കും മൂല്യ വർധിത ഉത്പന്നങ്ങൾക്കും സഹായം.
6. ഔഷധ സസ്യ കൃഷിക്ക് 4000 കോടി
ഔഷധ സസ്യങ്ങളുടെ കൃഷിക്ക് നാലായിരം കോടിയുടെ പദ്ധതി. നാഷണൽ മെഡിസിനൽ പ്ലാന്റ്‌സ് ബോർഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പത്ത് ലക്ഷം ഹെക്ടർ പ്രദേശത്ത് രണ്ട് വർഷത്തിനുള്ളിൽ ഇത് സാധ്യമാക്കും. 5000 കോടി അധിക വരുമാനം ഇതിലൂടെ കർഷകർക്ക് ലഭിക്കും. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടർ ഭൂമിയിൽ ഔഷധ ഇടനാഴി സൃഷ്ടിക്കും.
7. തേനീച്ച വളർത്തലിന് 500 കോടി.
തേനീച്ച വളർത്തലിനായി 500 കോടി നീക്കിവയ്ക്കും.രണ്ട് ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിക്കും അനുബന്ധ പശ്ചാത്തല വികസനത്തിനുമായാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത്.
8. ടോപ് ടു ടോട്ടൽ പദ്ധതി- 500 കോടി
ലോക്ക് ഡൗൺ കാലത്ത് വിതരണ ശൃംഖല തടസപ്പെട്ടത് തക്കാളി, ഉള്ളി കർഷകരെയെല്ലാം ബാധിച്ചു. അതിനാൽ തന്നെ കർഷകർക്ക് ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തിക്കുന്നതിനായി, ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി നൽകും. വിളകൾ സംഭരിച്ചുവയ്ക്കാനുള്ള ചിലവിന്റെ 50 ശതമാനം സബ്‌സിഡി അനുവദിക്കും. ഇതിനായി 500 കോടി അനുവദിക്കും.
9. അവശ്യ സാധന നിയമ ഭേദഗതി
കാർഷിക ശേഖരത്തിൽ നിയന്ത്രണങ്ങൾ അസാധാരണ സാഹചര്യങ്ങളിൽ മാത്രം.
10. കാർഷിക വിപണി പരിഷ്‌കരണം
കർഷകർക്ക് വിപണി സ്വാതന്ത്ര്യം ലഭിക്കുന്ന തരത്തിൽ കാർഷിക വിപണികൾ പരിഷ്‌കരിക്കും. കാർഷികോത്പന്നങ്ങൾ ശരിയായ വിലയ്ക്ക് വിൽക്കാൻ കഴിയുന്ന തരത്തിൽ കേന്ദ്ര നിയമം.
11. വില-ഗുണനിലവാരമുറപ്പാക്കൽ
കാർഷികോത്പാദന മേഖലയിൽ ശരിയായ വിലയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് പദ്ധതി. സുതാര്യമായ വ്യാപാരം ഉറപ്പുവരുത്തുന്നതിന് നിയമപരമായ സംവിധാനം. കാർഷിക ഉത്പന്നങ്ങളുടെ വിലയും ഗുണനിലവാരവും ഏകീകരിക്കും.