Site icon Ente Koratty

കേരളത്തില്‍ നിന്ന് ലോറിയില്‍ കടന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ 72 പേരെ തമിഴ്‌നാട് പൊലീസ് മടക്കി അയച്ചു

കേരളത്തില്‍ നിന്ന് ലോറിയില്‍ നാട്ടിലേക്ക് കടന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ 72 പേരെ തമിഴ്‌നാട് പൊലീസ് പിടികൂടി മടക്കി അയച്ചു. നീലഗിരി- കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ളയില്‍ വച്ചാണ് ലോറിയില്‍ കടന്ന ഉത്തര്‍പ്രദേശ് സ്വദേശികളെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഇവര്‍ കമ്പിളി വില്‍പ്പനയ്ക്കായി കേരളത്തില്‍ എത്തിയവരാണ്. 40 ദിവസമായി എറണാകുളം, ആലപ്പുഴ ജില്ലകളിലായി ലോക്ക്ഡൗണ്‍ കാരണം കുടുങ്ങി കിടന്ന സംഘമാണ് ലോറിയില്‍ നാട്ടിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ചത്.

കാല്‍നടയായി നാട്ടിലേക്ക് പുറപ്പെട്ട സംഘത്തിന് അതുവഴി വന്ന ലോറി ഡ്രൈവര്‍ വണ്ടിയില്‍ കയറ്റുകയായിരുന്നു. കേരളത്തിലെ നിലമ്പൂര്‍, വഴിക്കടവ്, നാടുകാണി ചെക്ക്‌പോസ്റ്റുകള്‍ താണ്ടിയാണ് ലോറി കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ളയില്‍ എത്തിയത്. മസിനഗുഡി പൊലീസ് ലോറി പരിശേധിച്ചപ്പോഴാണ് ലോറിയില്‍ ഒളിച്ച് കടക്കാന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയത്. ഗൂഡല്ലൂര്‍ ആര്‍ഡിഒ രാജകുമാര്‍, തഹസില്‍ദാര്‍ സംഗീത റാണി, ഡിവൈഎസ്പി ജെയ്‌സിങ്ങ് എന്നിവര്‍ സ്ഥലത്തെത്തി. സംഘത്തെ ചോദ്യം ചെയ്തു. ഭക്ഷണം നല്‍കിയ ശേഷം ഇവരെ ഗൂഡല്ലൂരില്‍ നിന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ എറണാകുളത്തേക്ക് തന്നെ തിരിച്ചയച്ചു. ലോക്ക്ഡൗണ്‍ ലംഘിച്ചതിന് രാജസ്ഥാന്‍ രജിസ്‌ട്രേഷന്‍ ലോറിയും ഡ്രൈവറെയും മസിനഗുഡി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version