ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. ലോക്ക്ഡൗണ്‍ സംബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ അറിയിക്കാനായിരിക്കും പ്രധാനമന്ത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്ന മുന്‍ധാരണകളെ തിരുത്തി കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളര്‍ത്താന്‍ 20 ലക്ഷം കോടിയുടെ സ്വാശ്രയ ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത്) പാക്കേജ് പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
എന്നാല്‍ സാമ്പത്തിക പാക്കേജിനേക്കാള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച പുരോഗമിച്ചത് ‘ആത്മനിര്‍ഭര്‍’എന്ന വാക്കിന്റെ അർത്ഥത്തെ ചൊല്ലിയായിരുന്നു. ആത്മനിര്‍ഭര്‍ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കാന്‍ കഷ്ടപ്പെട്ട പലരും ഒടുവില്‍ ഗൂഗിളില്‍ അര്‍ഥം തിരഞ്ഞു. കര്‍ണാടക, തെലങ്കാന സംസ്ഥാനക്കാരാണ് രാജ്യത്ത് ആത്മനിര്‍ഭറിന്റെ അർത്ഥം ഗൂഗിളില്‍ തിരഞ്ഞവരില്‍ മുമ്പില്‍. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും ഗുജറാത്തും ഉണ്ട്. എന്താണ് ആത്മനിര്‍ഭര്‍ എന്ന് ആരെങ്കിലും പറഞ്ഞുതരുമോ എന്ന് ചോദിച്ച് നിരവധിപേര്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി. പ്രസംഗത്തിനിടെ 19 പ്രാവശ്യമാണ് പ്രധാനമന്ത്രി ആത്മനിർഭർ എന്ന വാക്ക് ആവർത്തിച്ചത്.
സ്വാശ്രയ ശീലമുള്ള എന്നാണ് ആത്മനിര്‍ഭര്‍ എന്ന വാക്കിന്റെ അർത്ഥം. ലോകത്തിലെ മുഴുവന്‍ മനുഷ്യകുലത്തിന്റെയും നന്മയാണ് ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. വന്‍വളര്‍ച്ച നേടുന്ന സാമ്പത്തികവ്യവസ്ഥ, ആധുനികതയില്‍ കേന്ദ്രീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികതയില്‍ ഊന്നിയ സംവിധാനം, അതിശക്തമായ ജനസംഖ്യാഘടന, കിടയറ്റ ആവശ്യ-വിതരണ ശൃംഖല എന്നിങ്ങനെ ഇന്ത്യയുടെ സ്വാശ്രയത്വ സമീപനത്തിന് അഞ്ചു തൂണുകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.