Site icon Ente Koratty

കോവിഡ് പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ്: പ്രധാനമന്ത്രി

കോവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിസംബോധന തുടരുകയാണ്.

സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കോവിഡിൽനിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും. വിവിധ രാജ്യങ്ങളിൽ 42 ലക്ഷത്തിൽ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തിൽ അധികം പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ നിരവധി കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി.

അതിൽ അനുശോചനം അറിയിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എൻ 95 മാസ്കുകൾ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യയിൽ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എൻ 95 മാസ്കുകളും ദിവസേന ഉണ്ടാക്കുന്നു– മോദി പറഞ്ഞു.

Exit mobile version