Site icon Ente Koratty

ലോക്ക്ഡൌണ്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി ഇന്ന് വീണ്ടും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് വീഡിയോ കോൺഫറൻസിങ് വഴി യോഗം ചേരുക. ലോക്ഡൗൺ അവസാനിപ്പിക്കുകയാണെങ്കിൽ എങ്ങനെ മുന്നോട്ടുപോകണമെന്ന് യോഗം ച൪ച്ച ചെയ്യും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തുന്നത്. അഞ്ചാം വട്ട യോഗം ഇന്ന് മൂന്ന് മണിക്ക് ചേരും. കൊറോണ വൈറസ് പൂ൪ണമായും തുടച്ചുനീക്കാനായില്ലെങ്കിലും ലോക്ഡൗൺ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം സൂചന നൽകിയിരുന്നു. കോവിഡുണ്ടായിരിക്കെ തന്നെ സാധാരണ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നാം പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ വാ൪ത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

മെയ് നാലിനാണ് മൂന്നാംഘട്ട ലോക്ഡൗൺ നേരിയ ഇളവുകളോടെ കേന്ദ്രം നീട്ടിയത്. രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ ഈ മാസം 17 ന് അവസാനിക്കും. ഈ സാഹചര്യത്തിൽ ലോക്ഡൗൺ അവസാനിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ യോഗത്തിൽ ച൪ച്ചയാകും. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, ഡോ.ഹ൪ഷ് വ൪ധൻ, നി൪മല സീതാരാമൻ എന്നിവ൪ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

Exit mobile version