ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി മദ്യശാലകൾ തുറന്ന തമിഴ്നാട് സർക്കാരിന് തിരിച്ചടി. ലോക്ഡൗൺ നീക്കുന്നതുവരെ മദ്യശാലകൾ തുറക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും അനുവദിക്കും. പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
മേയ് ഏഴിനാണ് മദ്യശാലകൾ തുറക്കാമെന്ന് അറിയിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ കോടതി പറഞ്ഞ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പൂട്ടാൻ ഉത്തരവ് ഇടുന്നതെന്നും ഹൈക്കോടതി അറിയിച്ചു. എന്നാൽ ഓൺലൈൻ വഴിയും ഹോംഡെലിവറി മുഖേനയും മദ്യം വിൽക്കാൻ അനുവദിക്കുകയും ചെയ്തു.
ജസ്റ്റിസുമാരായ വിനീത് കോത്താരി, പുഷ്പ സത്യനാരായണ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. നടൻ കമൽ ഹാസൻ അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ് ഉണ്ടായിരിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്നതടക്കം കോടതി നിഷ്കർഷിച്ച നിബന്ധനകളെല്ലാം ലംഘിക്കപ്പെട്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച മദ്യശാലകൾ തുറക്കുമെന്ന് ചൂണ്ടിക്കാട്ടി മെയ് നാലിന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. രാവിലെ 10 നും വൈകുന്നേരം അഞ്ചിനും ഇടയിലാകും മദ്യശാലകൾ പ്രവർത്തിക്കുക. സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായും നടപ്പാക്കുമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ഓരോ ഷോപ്പിലേക്കും അധിക സ്റ്റാഫുകളെ നിയോഗിക്കുമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഇതിനെതിരെ അഭിഭാഷകരുൾപ്പെടെ ഏതാനും പേർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി തയാറായില്ല. സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ച കോടതി ഒരാൾക്ക് ഒരു കുപ്പി മദ്യം എന്ന നിലയിൽ റേഷനിംഗ് സമ്പ്രദായം നടപ്പാക്കണമെന്ന് ഉത്തരവിട്ടു. ഈ നിർദേശങ്ങൾ ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ വീണ്ടും സമീപിച്ചത്.