വിശാഖപട്ടണത്തുണ്ടായ വിഷവാതക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. എട്ട് പേർ മരണപ്പെട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. അഞ്ച് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 5000ൽ ഏറെ പേരെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. ഗ്രാമവാസികൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് എൽജി പോളിമർ പ്ലാന്റിൽ സ്റ്റൈറീൻ എന്ന രാസവാതകം ചോരുന്നത്. വിശാഖപട്ടണം ജില്ലയിലെ ആർആർ വെങ്കട്ടപുരത്തുള്ള എൽജി പോളിമർ ഇൻഡസ്ട്രീസിൽ നിന്നാണ് രാസവാതകം ചോർന്നത്. സംഭവ സ്ഥലത്ത് നിരവധിപേർ ബോധരഹിതരായെന്നാണ് റിപ്പോർട്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്.
വാതക ചോർച്ചയെ തുടർന്ന് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട പ്രദേശവാസികൾ പുറത്തേക്ക് ഇറങ്ങിയിരുന്നു. ഇവരിൽ പലരെയും റോഡിൽ കുഴഞ്ഞുവീണ നിലയിൽ കാണപ്പെട്ടു. ദേശിയ ദുരന്തനിവാര സേനയുടേയും അഗ്നിശമന സേനയുടേയും പ്ലാന്റ് ചോർച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.