ഡല്‍ഹിയില്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്. ഡീസലിന് 7.10 രൂപയും പെട്രോളിന് 1.67 രൂപയുമാണ് വര്‍ധനവുണ്ടായത്. സംസ്ഥാന സർക്കാർ മൂല്യവർധിത നികുതി (വാറ്റ്) ഉയർത്തിയതാണ് ജനങ്ങള്‍ക്ക് ഇരുട്ടടിയായത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 69.59 രൂപയില്‍ നിന്ന് 71.26 രൂപയായി ഉയര്‍ന്നു. ഡീസൽ വില ലിറ്ററിന് 62.29 രൂപയില്‍ നിന്ന് 69.39 രൂപയായി കുത്തനെ വര്‍ധിച്ചു.
ചെന്നൈയിലും ഇന്ധനവിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 3.26 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 75.54 രൂപയും ഡീസലിന് 68.22 രൂപയുമാണ് വില. ഇതേസമയം അസം, ഹരിയാന, നാഗാലാൻഡ്, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും പെട്രോൾ, ഡീസൽ വില വർധിച്ചു. സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന വാറ്റിലെ വർധനവാണ് കാരണം.
എന്നാല്‍ മുംബൈയിലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം മുംബൈയിൽ പെട്രോളിന് 76.31 രൂപയും ഡീസല്‍ ലിറ്ററിന് 66.21 രൂപയുമാണ് വില. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 73.30 രൂപയും ഡീസല്‍ ലിറ്ററിന് 65.62 രൂപയുമാണ് വില.