Site icon Ente Koratty

കശ്മീർ താഴ്‌വരയിൽ വീണ്ടും തീവ്രവാദി ആക്രമണങ്ങൾ; 3 സൈനികർക്ക് വീരമൃത്യു

കശ്മീർ താഴ്‌വരയിൽ വീണ്ടും ഭീകരാക്രമണം. രണ്ട് ഇടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 3 സൈനികർ വീരമൃത്യു വരിച്ചു എന്നാണ് വിവരം. എട്ട് പേർക്ക് പരുക്കുണ്ട്.

അതിർത്തി പ്രദേശമായ ഹന്ദ്വാരയിലാണ് ഒരു ആക്രമണം നടന്നത്. ഹന്ദ്വാര ടൗണിൽ നടത്തിയ ഒരു പാർട്ടിക്ക് നേരെ തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് വൈകുന്നേരം നടന്ന ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃതു വരിച്ചു. ഏഴ് പേർക്ക് പരുക്കുണ്ട്.

ശ്രീനഗറിൻ്റെ പ്രാന്തപ്രദേശങ്ങളിൽ പെട്ട വഗൂറ നൗഗമിലാണ് രണ്ടാമത്തെ ഭീകരാക്രമണം റിപ്പോർട്ട് ചെയ്തത്. സിഐഎസ്എഫിൻ്റെ പട്രോൾ പാർട്ടിക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒരു ജവാന് പരുക്കുണ്ട്. ഗ്രനേഡ് ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരുക്ക് പറ്റിയത്.

രണ്ട് സ്ഥലങ്ങളിലും ഇപ്പോൾ സൈന്യം തെരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ ദിവസം ഹന്ദ്വാരയിൽ തന്നെ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും മേജറും അടക്കം അഞ്ച് പേർ വീരമൃത്യു വരിച്ചിരുന്നു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ചഞ്ച്മുല്ലയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണ് ആക്രമണം ആരംഭിച്ചത്.

രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ 4 സൈനിക ഉദ്യോഗസ്ഥരും ജമു കശ്മീർ പൊലീസിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വലിയ തോതിൽ നടന്നിരുന്നു. ഇതിനെ ചെറുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പൊലീസിൻ്റെയും സൈന്യത്തിൻ്റെയും സംയുക്ത സംഘത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. രാത്രിയാണ് ഇവർ കൊല്ലപ്പെട്ടത്.

Exit mobile version