കോവിഡ് ചികിത്സയിലായിരുന്ന പിതാവിന്റെ മരണത്തെക്കൂടാതെ യുവാവിന് ഇരട്ടപ്രഹരം നൽകി ചികിത്സക്കായുള്ള ആശുപത്രി ബില്ല്. മുംബൈ സാന്താക്രൂസിൽ താമസിക്കുന്ന യുവാവിനാണ് ദുരനുഭവം. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പിതാവിന്റെ 15 ദിവസത്തെ ഐസിയു വാസത്തിന് 16 ലക്ഷം രൂപയാണ് ബില്ല് വന്നത്.
എന്നാൽ അധിക ബില്ലാണ് നൽകിയതെന്ന വാദം ആശുപത്രി അധികൃതർ നിഷേധിച്ചു. പല അവയവങ്ങളുടെയും പ്രവർത്തനം നേരായി നടക്കാത്ത രീതിയിൽ വളരെ ഗുരുതരാവസ്ഥയിലാണ് രോഗിയെ കൊണ്ടുവന്നതെന്നും നൽകാവുന്ന മെച്ചപ്പെട്ട ചികിത്സ തന്നെ നടത്തിയെന്നും അധികൃതർ വ്യക്തമാക്കുന്നു.
പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തങ്ങളുടെ കുടുംബം ക്വാറന്റീനിലായതിനാൽ കാര്യങ്ങൾ സംസാരിച്ചതെല്ലാം ഫോണിലൂടെയും ഇമെയിലൂടെയുമാണ്. എന്നാൽ ചികിത്സാചെലവിനെക്കുറിച്ച് ഒരു വിവരവും ആശുപത്രി കൈമാറിയിരുന്നില്ലെന്നും യുവാവ് പറയുന്നു. ഇടക്ക് നൽകിയ ബില്ല് അടക്കാൻ തയ്യാറല്ലെങ്കിൽ അച്ഛന്റെ ചികിത്സ നിർത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഒടുവിൽ മരണശേഷം മൃതദേഹം സംസ്കാരത്തിനായെത്തിച്ച ആംബുലൻസിന് ഈടാക്കിയത് 8000 രൂപയാണ്. പിതാവിനെ നഷ്ടപ്പെട്ട വേദനക്കൊപ്പം ഭീമന് ആശുപത്രി ബില്ല് കൂടി കിട്ടിയ വേദനയിലാണ് യുവാവ്. മുംബൈയിലെ തന്നെ പല സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സക്ക് അധികചാർജ് ഈടാക്കുന്നതായി നിരവധി പരാതികൾ വരുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം.