Site icon Ente Koratty

കർണാടകയിൽ ഗ്രീൻസോണായി പ്രഖ്യാപിച്ച സ്ഥലത്ത് ഒറ്റ ദിവസത്തിനിടെ 21 പേർക്ക് കോവിഡ്

കർണാടകയിൽ ഗ്രീൻ സോണായി പ്രഖ്യാപിച്ച ദാവൻഗരെ ജില്ലയിൽ നിന്ന് 21 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏറ്റവും ഉയർന്ന ഏകദിന വർധനവാണ് ദാവെൻഗരെയിൽ രേഖപ്പെടുത്തിയത്.

21 കോവിഡ് -19 കേസുകളുടെ വിവരം ലഭിച്ചതിനെത്തുടർന്ന് ദാവൻഗരെ പട്ടണത്തിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ മഹന്തേഷ് ബെലഗി പറഞ്ഞു. സ്ഥിരീകരിച്ചവരുടെ കോൺടാക്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതിനകം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ വെള്ളിയാഴ്ച 94 സാമ്പിളുകളും ശനിയാഴ്ച 72 സാംപിളുകളും പരിശോധനയ്ക്ക് അയച്ചിരുന്നു, അതിൽ 21 എണ്ണമാണ് പോസിറ്റീവായത്. ഞായറാഴ്ച 164 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നേരത്തെ ജില്ലയിൽ 10 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ട് രോഗികൾ സുഖം പ്രാപിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. രോഗമുക്തി നേടിയ ഒരു എംപിയുടെ മകളായിരുന്നു ദാവൻഗരെയിലെ ആദ്യ കേസ്.

അതേസമയം, സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സർക്കിളുകൾ വരച്ചും ബാരിക്കേഡുകൾ സ്ഥാപിച്ചും കർണാടകയിൽ മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ. 25 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ 614 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 293 രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version