രാജ്യം ഇന്ന് മൂന്നാംഘട്ട അടച്ചുപൂട്ടലിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ടുഘട്ടങ്ങളേക്കാൾ രോഗവ്യാപനം കൂടിയ സമയമാണിത്. രോഗം മാറിയവരുടെ എണ്ണം കൂടുകയും മരണമടയുന്നവരുടെ സംഖ്യ കുറയുകയും ചെയ്തതാണ് ആശ്വാസകരം. കൂടുതൽ ഇളവുകൾ നൽകി അടച്ചു പൂട്ടൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശങ്കകളും ഉയർന്നിരിക്കുകയാണ്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം പ്രതിദിനം 2000 ത്തിലധികം വർദ്ധിക്കുകയും മരണസംഖ്യ 70 ലധികം ഉയരുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി മൂന്നാംഘട്ടം തുടരുന്നത്. ഇതിന്റെ മറുവശം രോഗം മാറുന്നവരുടെ എണ്ണം 24 ശതമാനത്തിലധികം ആയി എന്നതാണ്. ഹോട്സ്പോട്ടുകളുടെ എണ്ണം കുറഞ്ഞു. ഏറെ ആശങ്കയുണ്ടായിരുന്ന സമൂഹ വ്യാപനം നടന്നില്ല. എന്നാൽ വൻ ന്യൂനതകളാണ് ഇപ്പോഴും രോഗനിർണയത്തിൽ നിലനിൽക്കുന്നത്. ഐ.സി.എം.ആറിന്റെ പരിശോധന കാര്യക്ഷമമല്ല.
ഒരു മാസത്തിലധികം എടുത്താണ് 10 ലക്ഷം ടെസ്റ്റുകൾ പൂർത്തീകരിച്ചത്. പി.പി.ഇ പരിശോധന കിറ്റുകളുടെ ദൗർലഭ്യം ഇപ്പോഴും തുടരുന്നു. രോഗം സംബന്ധിച്ച് കണക്കുകളുടെ അവ്യക്തത നിലനിൽക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ ഏറെ അമ്പരിപ്പിച്ചത്, രോഗ വ്യാപനത്തിൽ ഗുജറാത്തിലെ വർധനയാണ്. ആദ്യഘട്ടത്തിൽ കാര്യമായി രോഗബാധ ഇല്ലാതിരുന്ന സംസ്ഥാനം ഇപ്പോൾ മഹാരാഷ്ട്രക്ക് താഴെ രണ്ടാം സ്ഥാനത്താണ്. അതേ സമയം ഒന്നും രണ്ടു ഘട്ടങ്ങളിലേതുപോലെ അതിഥിതൊഴിലാളികളുടെ പലായനം മൂന്നാംഘട്ടത്തിലും തുടരും. വിളവ് നാശവും തൊഴിലില്ലായ്മയുംമൂലം ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ തകർച്ച മൂന്നാം ഘട്ടത്തിലും കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.