Site icon Ente Koratty

പരിശോധനക്കായ് വാഹനം തടഞ്ഞു; കാറുമായ് പൊലീസുകാരനെ വലിച്ചിഴച്ച് ഇരുപതുകാരന്‍

ജലന്ധറില്‍ ലോക്ക്ഡൗണിനിടെ പരിശോധനക്കായ് വാഹനം തടഞ്ഞ പൊലീസുകാരനെതിരെ ഇരുപതുകാരന്റെ അക്രമണം. വാഹന പരിശോധനക്കായ് കാര്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റുപയോഗിച്ച് വലിച്ചിഴച്ച് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇരുപതുകാരനായ അമോൽ മെഹ്മിക്കെതിരെ ജലന്ധര്‍ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. വാഹനം തടഞ്ഞുനിര്‍ത്തിയ എ.എസ്.ഐയെ ബോണറ്റിലിരുത്തിയാണ് ഇരുപതുകാരന്‍ മീറ്ററുകളോളം വണ്ടിയോടിച്ചത്.

നകോദര്‍ പ്രദേശത്തെ താമസക്കാരനാണ് അമോല്‍ മെഹ്മി. മോഡല്‍ ടൗണിലുളള ഒരു ബേക്കറിയിലേക്ക് കര്‍ഫ്യൂ പാസ് ഇല്ലാതെ കാറില്‍ പോയ ഇയാളെ ചെക്ക് പോയിന്റിൽ വെച്ച് പൊലീസ് തടയുകയായിരുന്നു. എന്നാൽ,  വാഹനം തടയാൻ ശ്രമിച്ച പൊലീസിനെ വകവെയ്ക്കാതെ ഇയാൾ വണ്ടി മുന്നോട്ട് എടുത്തു. വാഹനത്തിന്റെ ബോണറ്റിൽ കൈവെച്ച മുലഖ് രാജ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം മുന്നോട്ട് പോയി. നൂറു മീറ്ററോളം മുന്നോട്ടുപോയ വാഹനം അഡിഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗുരുദേവ് സിങ്ങാണ് തടഞ്ഞത്.

വാഹനം തടഞ്ഞ ഉടൻ തന്നെ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം 308,353,196,188, 34 പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. പൊലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനും മതിയായ രേഖകളില്ലാതെ ലോക്ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിനും ഉള്‍പ്പടെയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

Exit mobile version