Site icon Ente Koratty

ഇന്ത്യയില്‍ കോവിഡിന്റെ അവസാനമാകുന്നു; മെയ് 21ന് വ്യാപനം നിലക്കും

മുംബൈ: മഹാമാരിയുടെ ആശങ്കയ്ക്കിടെ സന്തോഷ വിവരവുമായി ഒരു പഠനം. മേയ് 21 ഓടെ കൊറോണ വൈറസിന്റെ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയ്ക്കു സാധിക്കുമെന്നു മുംബൈ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കര്‍, പല്ലവി ബെലേക്കര്‍ എന്നിവരുടേതാണു പഠനം. മേയ് ഒന്ന് രാവിലെയുള്ള കണക്കുപ്രകാരം 25,007 കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. 1147 പേര്‍ മരിച്ചു.

‘ദ് എന്‍ഡ് ഈസ് നിയര്‍: കൊറോണ സ്റ്റബിലൈസിങ് ഇന്‍ മോസ്റ്റ് ഇന്ത്യന്‍ സ്റ്റേറ്റ്‌സ്’ എന്ന പ്രബന്ധത്തിലാണു നിര്‍ണായക വിവരങ്ങളുള്ളത്. കര്‍ശനമായ ലോക്ഡൗണ്‍ നടപടികള്‍ എടുത്തതിനാല്‍ മേയ് ഏഴിനോടകം മിക്കവാറും സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാകും. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പാറ്റേണ്‍ വിശദമായി പഠിച്ചാണ് പഠനം തയാറാക്കിയത്. വൈറസിന്റെ പെരുകലും ജനിതക പ്രത്യേകതകളും വിലയിരുത്തിയ സംഘം, മേയ് 21ന് അകം കൊറോണ രാജ്യമാകെ നിലയ്ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

വലിയ തോതില്‍ അതിഥി തൊഴിലാളികള്‍ രാജ്യത്തിന്റെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നതു ലോക്ഡൗണ്‍ നേട്ടങ്ങളെ കുറച്ചേക്കുമെന്നും പഠനസംഘം ഇക്കണോമിക്‌സ് ടൈംസിനോടു പറഞ്ഞു. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം 24,222 ആകുമെന്നു പഠനം പ്രവചിക്കുന്നു. വ്യാഴാഴ്ച സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 9915 ആയിരുന്നു. മേയ് 7 ആകുമ്പോള്‍ ഗുജറാത്തില്‍ 4833 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നും ഇവര്‍ പറയുന്നു.

Exit mobile version