ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ വെടിയുതിർത്തെന്ന ആരോപിച്ച ഷാരൂഖിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോൺസ്റ്റബിൾ ദീപക് ദഹിയക്കെതിരെ വെടിയുതിർത്തുവെന്നാണ് ഷാരൂഖിനെതിരായ കുറ്റം. ഫെബ്രുവരിയിൽ വടക്ക്-കിഴക്കൻ ഡൽഹിയിൽ നടത്ത പൗരത്വ പ്രതിഷേധത്തിനിടെയായിരുന്നു വെടിവെപ്പ്.
350 പേജുള്ള കുറ്റപത്രമാണ് ഡൽഹിയിലെ കാർകാർദൂമ കോടതിയിൽ സമർപ്പിച്ചത്. വധശ്രമം, കലാപമുണ്ടാക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളാണ് ഷാരൂഖ് പഠാനെതിരെ ചുമത്തിയിട്ടുള്ളത്. ആയുധ നിയമത്തിലെയും ഇന്ത്യന്‍ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഷാരൂഖിനെ കൂടാതെ ഖലീം അഹമ്മദ്, ഇഷ്തിയാക് മാലിക് എന്നിവരും കേസിൽ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് മാർച്ച് മൂന്നിന് ഷാരൂഖാണ് ആദ്യം അറസ്റ്റിലായത്. മറ്റുള്ള പ്രതികൾ തുടർന്ന് നടന്ന അന്വേഷണത്തിൽ പിടിലാവുകയായിരുന്നു.
ഐ.പി.സി സെക്ഷൻ 147(കലാപമുണ്ടാക്കൽ), 148(മാരകായുധങ്ങളുപയോഗിച്ച് കലാപമുണ്ടാക്കൽ) 149( അനധികൃതമായി സംഘം ചേരൽ) തുടങ്ങിയ വകുപ്പുകളുപയോഗിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍ ഇയാള്‍ക്ക് പത്തു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാം. ഡല്‍ഹി ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അദ്യം അറസ്റ്റു ചെയ്തതും ഷാരൂഖിനെ ആയിരുന്നു.