മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ കൊവിഡ് രോഗി മരിച്ചു. മുംബൈ ലീലാവതി ആശുപത്രിയിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു മരണം. അത്യാസന്ന നിലയിലായിരുന്ന 53 കാരൻ ഇത്രയും ദിവസം തള്ളി നീക്കിയത് വെന്റിലേറ്റർ സഹായത്തോടെയായിരുന്നു.
നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ആരംഭിച്ചത്. കൊവിഡ് രോഗം ബേധമായ വ്യക്തിയിൽ നിന്ന് 200ml പ്ലാസ്മയുടെ ഒരു ഡോസാണ് 53 കരനായ രോഗിക്ക് നൽകിയത്. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും നില ഗുരുതരമാവുകയായിരുന്നു.
എന്നാൽ പരീക്ഷണം പാതിവഴിയിൽ ഉപേക്ഷിക്കാൻ മഹാരാഷ്ട്ര സർക്കാർ തയാറല്ല. കൊവിഡ് ബേധമായ രോഗികളിൽ നിന്ന് ശരിയായ തെരഞ്ഞെടുപ്പ് നടത്തി വീണ്ടും പ്ലാസ്മ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡോ.അനൂപ്കുമാർ യാദവ് (ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്) പറഞ്ഞു.