Site icon Ente Koratty

മെഹുല്‍ ചോക്സി അടക്കം 50 പേരുടെ 68,000 കോടി രൂപയുടെ കടം ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് ആര്‍.ബി.ഐ

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം വായ്പ വാങ്ങി രാജ്യം വിട്ട മെഹുൽ ചോക്സി അടക്കം 50 പേരുടെ കടം എഴുതിത്തള്ളി. 68,000 കോടി രൂപയുടെ കിട്ടാക്കടം വിവിധ ബാങ്കുകള്‍ എഴുതി തള്ളിയെന്ന് റിസർവ് ബാങ്ക് പറയുന്നു. വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 68,607 കോടി രൂപയുടെ വായ്പയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവർത്തകൻ നൽകിയ അപേക്ഷയിലാണ് ആർ.ബി.ഐ മറുപടി നൽകിയിരിക്കുന്നത്.

പാർലമെന്റിൽ രാഹുൽ ഗാന്ധി കിട്ടാക്കടങ്ങളെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് താൻ ആർ.ബി.ഐയെ സമീപിച്ചതെന്ന് സാകേത് ഗോഖലെ പറയുന്നു. ആർ.ബി.ഐയുടെ മറുപടിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നാണ് സാകേത് ഗോഖലെ പറഞ്ഞു. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ വായ്പാ കുടിശ്ശിക ഉൾപ്പെടെ 68,607 കോടി രൂപ ബാങ്കുകൾ എഴുതി തള്ളിയെന്നാണ് ആർ.ബി.ഐയുടെ മറുപടിയിലുള്ളത്. ചോക്സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശികയുണ്ട്. മറ്റ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡ് എന്നിവ 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു. ചോക്സി ഇപ്പോൾ രാജ്യത്തിന് പുറത്താണ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇയാൾ ഇപ്പോൾ ആന്റിഗ്വയിലെ പൗരനാണ്.

എൻഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലുള്ള സന്ദീപ് ജുജുൻവാലയുടെ സ്ഥാപനമായ ആർ.ഇ.ഐ അഗ്രോ ലിമിറ്റഡ്, രാജ്യം വിട്ട മറ്റൊരു രത്നവ്യാപാരിയായ ജെയതിൻ മേത്തയുടെ വിൻസം ഡയമണ്ട്സ്, റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, കുഡോസ് കെമി, ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇൻഡസ്ട്രീസ്, സൂം ഡെവലപ്പേഴ്സ്, വിജയ് മല്യയുടെ കിങ്‍ഫിഷർ എയർലൈന്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം വായ്പാ കുടിശിക വരുത്തിയവരാണ്.

Exit mobile version