Site icon Ente Koratty

മുംബൈയിലും പൂനെയിലും ലോക്ക് ഡൗൺ നീട്ടിയേക്കും

കൊവിഡ് രോഗവ്യാപനം രൂക്ഷമായ മുംബൈയിലും പൂനെയിലും ലോക്ക് ഡൗൺ നീട്ടിയേക്കും. മഹാരാഷ്ട്രയിൽ 19 പേർ മരിക്കുകയും 440 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മുംബൈയിൽ രോഗബാധിതരുടെ എണ്ണം 5000 കടന്നു. സ്ഥിതി ഗുരുതരമായ ധാരാവിയിൽ ഇന്ന് 34 പേർക്ക് കൂടി കൊവിഡ് ബാധ ഉണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗൺ കാലയാളവ് നീട്ടുന്നത്. അതേസമയം, തമിഴ്‌നാട്ടിലും രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ന് 64 പേർക്ക് രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 440 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8068 ആയി ഉയർന്നു. മരണ സംഖ്യ 342 ആയി. 1188 പേരാണ് രോഗ മുക്തരായി ആശുപത്രി വിട്ടത്.

മുംബൈയിലെ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നു. സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്തിൽ 324 പേർ മുംബൈയിൽ നിന്നാണ്. 5194 ആയി മുംബൈയിലെ രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 204. പരിശോധനകൾ ഊർജിതമാക്കിയതോടെ ധാരാവിയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 34 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ 275 ആയി ചേരിയിലെ രോഗബാധിതരുടെ എണ്ണം. ധാരാവിയിൽ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച മഹീം, ദാദർ മേഖലകളിൽ രണ്ടുദിവസമായി പോസിറ്റീവ് കേസുകൾ ഇല്ല. ചികിത്സയിലായിരുന്ന മുംബൈയിലെ മാധ്യമപ്രവർത്തകരുടെ രണ്ടാം പരിശോധനാഫലം നെഗറ്റീവ് ആയതോടെ 31 പേർ ആശുപത്രിവിട്ടു. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ മുംബൈയിലും, പൂനെയിലും ലോക്ക് ഡൗൺ നീട്ടാനാണ് സർക്കാർ തീരുമാനം.

പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യം ഉന്നയിക്കും. അതിഥി തൊഴിലാളികളെ തിരികെ കൊണ്ടു പോകണമെന്ന് മധ്യപ്രദേശ് ,ഉത്തർപ്രദേശ് ബീഹാർ ,രാജസ്ഥാൻ ,ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളോട് മഹാരാഷ്ട്ര ആവശ്യപ്പെട്ടു. രോഗബാധിതരുടെ കണക്കിൽ നേരിയ ആശ്വാസം തമിഴ്‌നാട്ടിൽ ഉണ്ടായി. 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്തോടെ 1885 ആയി സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. 24 പേർ ഇതുവരെ മരിച്ചു. 5 ജില്ലകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൂടാതെ കൊവിഡ് ബാധിതരുടെ സംസ്‌കാരം തടയുന്നവർക്ക് തടവുശിക്ഷയും , പിഴ ഈടാക്കാനും തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു.

Exit mobile version