പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കില്ല. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുക്കും.
ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാനാകില്ല. കഴിഞ്ഞ തവണ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാത്ത മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തവണ അവസരമുള്ളത്. സംസ്ഥാനത്തിന്റെ നിലപാടുകള്‍ കേന്ദ്രത്തിന് എഴുതി നല്‍കിയിട്ടുണ്ട്.
ഘട്ടംഘട്ടമായി ലോക്ക്ഡൌണ്‍ പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. പ്രവാസികളെ തിരികെയെത്തിച്ചാല്‍ ക്വാറന്റൈന് ഉള്‍പ്പടെയുളള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
മെയ് മൂന്നിന് ലോക്ഡൌൺ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഇത് നാലാം തവണയാണ് കോവിഡ് 19 കാലത്ത് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. രണ്ടാം ഘട്ട ലോക്ഡൗൺ മെയ് മൂന്നിന് അവസാനിക്കുമെങ്കിലും തുടർന്നും പൂർണ ഇളവുകൾ നൽകാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രം. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചു മെയ് 16 വരെ ലോക് ഡൗൺ തുടരണമെന്ന് ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ഡൌൺ തുടരുകയാണെങ്കിൽ എന്തൊക്കെ കൂടുതൽ ഇളവുകൾ നൽകാൻ കഴിയുമെന്ന് യോഗത്തിൽ ചർച്ചയാകും.
അടച്ചുപൂട്ടലിനൊപ്പം കൂടുതൽ ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ രോഗ പ്രതിരോധം സാധ്യമാകൂ എന്ന് നേരത്തെ മുതൽ സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ റാപിഡ് ടെസ്റ്റ് ഇപ്പോൾ വേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രം. ഇക്കാര്യവും പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യവും മുഖ്യമന്ത്രിമാർ ഉന്നയിക്കും.