Site icon Ente Koratty

പ്രവാസികള്‍ തിരികെയെത്തുന്നു; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രാജ്യത്ത് തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ വൈകാതെ ഉന്നതതലയോഗം ചേരും.
ഗള്‍ഫിലും യൂറോപ്യന്‍ യൂണിയനിലും യു.എസിലുമുള്ള ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് വിദേശകാര്യമന്ത്രാലയം എംബസികള്‍ വഴി ശേഖരിച്ചിട്ടുണ്ട്.

പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി നേരത്തെ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു. മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും വിവിധ സന്നദ്ധ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

കേരളം സന്നദ്ധമാണ് എങ്കിലും മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം അന്തിമ തീരുമാനം കൈക്കൊള്ളുക.

Exit mobile version