Site icon Ente Koratty

സുപ്രധാന മേഖലകളില്‍ സ്വകാര്യവത്കരണം: വൈദ്യുതി മേഖലയില്‍ സമൂല അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രം

ലോക്ക്ഡൗണിനിടെ വൈദ്യുതി മേഖലയില്‍ സമൂല അഴിച്ചുപണിക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം. സുപ്രധാന മേഖലകളില്‍ സ്വകാര്യവത്കരണം അനുവദിക്കുന്ന വ്യവസ്ഥകളടങ്ങിയ ബില്ലിന്റെ കരട് കേന്ദ്രം പുറത്തുവിട്ടു. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്നാഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളുടെയും മറ്റും എതിര്‍പ്പ് ഒഴിവാക്കാനാണ് ലോക്ക്ഡൌണിനിടെ ബില്ല് പുറത്തുവിടുന്നത്.

വൈദ്യുതി മേഖലയില്‍ സമ്പൂര്‍ണ സ്വകാര്യവത്കരണം നടപ്പാക്കാന്‍ വഴിയൊരുക്കുന്നതാണ് കരട് നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്തെ വിതരണ ശൃംഖലകളെ മറികടന്ന് സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുമതി നല്‍കാവുന്ന വ്യവസ്ഥകള്‍ ബില്ലിലുണ്ട്.

വൈദ്യുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഇലക്ട്രിസിറ്റി കോണ്‍ട്രാക്ട്സ് എന്‍ഫോഴ്‌സ്‌മെന്റ് അഥോറിറ്റി സ്ഥാപിക്കും. വൈദ്യുതി നിരക്കും സബ്‍സിഡികളും തമ്മില്‍ ബന്ധിപ്പിക്കരുതെന്നാണ് മറ്റൊരു വ്യവസ്ഥ. സംസ്ഥാനങ്ങള്‍ നല്‍കുന്ന കാര്‍ഷിക, ഗാര്‍ഹിക സബ്‌സിഡികളെ ഇത് പ്രതികൂലമായി ബാധിക്കും.

സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ ബില്‍ പാസാക്കും മുമ്പ് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണം. ഈ കീഴ്‍വഴക്കം അട്ടിമറിക്കാനാണ് ഊര്‍ജ മന്ത്രാലയത്തിന്റെ നീക്കം. രാജ്യത്ത് നിലവിലുള്ള നിരവധി നിയമങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് മേഖലയില്‍ ഖ്വാസി ജുഡീഷ്യല്‍ സംവിധാനം കൊണ്ടുവരുന്നതും ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

വായ്പയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഗുണകരമാകുന്നതാണെന്നാണ് വിലയിരുത്തല്‍. ഊര്‍ജ മേഖലയിലെ വന്‍കിട കമ്പനികളുടെ വക 6 ലക്ഷം കോടി കിട്ടാക്കടം ഇപ്പോള്‍ തന്നെ ബാങ്കുകള്‍ക്കുണ്ട്. എഞ്ചിനിയര്‍മാരുടെയും തൊഴിലാളികളുടെയും സംഘടനകള്‍ പലതവണ എതിര്‍ത്തു തോല്‍പ്പിച്ച നിര്‍ദേശങ്ങളാണ് കോവിഡിന്റെ മറവില്‍ വീണ്ടും കൊണ്ടുവരുന്നത്.

Exit mobile version