Site icon Ente Koratty

95% ഇന്ധന സംഭരണകേന്ദ്രങ്ങളും നിറഞ്ഞു, എണ്ണവില കുറഞ്ഞാലും ഇന്ത്യക്ക് മുതലാക്കാനാവില്ല

ആഗോളവ്യാപകമായി എണ്ണവില കുത്തനെ താഴേക്കാണ് പോകുന്നത്. അമേരിക്കയില്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ്(ഡബ്ലു.ടി.ഐ) ക്രൂഡിന്റെ വില ചരിത്രത്തിലാദ്യമായി നെഗറ്റീവിലേക്ക് പോവുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ആഗോളവ്യാപകമായി എണ്ണവില കുറയാന്‍ തന്നെയാണ് സാധ്യത. എങ്കിലും ലോകത്തെ ആദ്യ മൂന്ന് എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക് ഈ അനുകൂല സാഹചര്യം മുതലാക്കാനാകില്ല.

ലോക്ഡൗണിനെ തുടര്‍ന്ന് വാഹനഗതാഗതം പരിമിതമായതോടെ ഇന്ധനത്തിന്റെ ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇന്ധന വില കുറഞ്ഞയുന്നതിന്റെ ഒരു കാരണം. ഏപ്രിലില്‍ ആദ്യ 15 ദിവസങ്ങള്‍ക്കുള്ളില്‍ ഡീസലിന്റെ ആവശ്യകത 61ശതമാനവും പെട്രോളിന്റെ 64 ശതമാനവും ജെറ്റ് ഇന്ധനങ്ങളുടെ 94 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ ഇന്ധനങ്ങള്‍ക്ക് ഏറ്റവും ആവശ്യക്കാരുള്ള മെട്രോ നഗരങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നത് ആവശ്യകത പഴയ നിലയിലെത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിന്റെ സൂചനയാണ്.

ഇന്ത്യയിലെ 95 ശതമാനം എണ്ണ സംഭരണ കേന്ദ്രങ്ങളും നിറഞ്ഞുകഴിഞ്ഞെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. 66000ത്തോളം വരുന്ന പെട്രോള്‍ പമ്പുകളും റിഫൈനറികള്‍ അടക്കമുള്ളവയിലെ സംഭരണ കേന്ദ്രങ്ങളും പൂര്‍ണ്ണമായി നിറയാറായെന്നാണ് റിപ്പോര്‍ട്ട്. വലിയ തോതില്‍ എണ്ണ ശേഖരിക്കാനുള്ള സംവിധാനങ്ങളില്ലെന്നത് കുറഞ്ഞവിലക്ക് ലഭിക്കുന്ന ഇന്ധനം വാങ്ങി സൂക്ഷിക്കാനുള്ള ഇന്ത്യയുടെ സാധ്യതയെ ഇല്ലാതാക്കുന്നു.

മറ്റ് ഇന്ധന ഇറക്കുമതി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ എസ്.പി.ആര്‍(സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്) അഥവാ കരുതല്‍ എണ്ണശേഖരം വളരെ കുറവാണ്. ചൈനയില്‍ 550 മില്യണ്‍ ബാരലും ജപ്പാന്റേത് 528 മില്യണ്‍ ബാരലും ദക്ഷിണ കൊറിയയുടേത് 214 മില്യണ്‍ ബാരലുമാണ്. അതേസമയം, ഇന്ത്യയുടെ കരുതല്‍ ഇന്ധനശേഖരം വെറും 39 മില്യണ്‍ ബാരല്‍ മാത്രമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജപ്പാനില്‍ 198 ദിവസത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെങ്കില്‍ ഇന്ത്യയിലെ കരുതല്‍ ഇന്ധന ശേഖരം വെറും ഒമ്പത് ദിവസത്തേക്ക് മാത്രമേയുള്ളൂ.

ഇന്ധനവില്‍പനയില്‍ നിന്നും ലഭിക്കുന്ന നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇന്ധന വില്‍പന ഇടിഞ്ഞതോടെ ഇതില്‍ വലിയ കുറവുണ്ടാകുമെന്നും കോവിഡ് പ്രതിസന്ധിയുടെ ആഴം കൂട്ടുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇതോടെ ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞാല്‍ പോലും നികുതി വര്‍ധിപ്പിച്ച് വില കുറക്കാതിരിക്കാനുള്ള സാധ്യതയാണ് കൂടുന്നത്.

അമേരിക്കയില്‍ ഡബ്ലു.ടി.ഐ ക്രൂഡിന്റെ മെയ് മാസത്തേക്കുള്ള അവധിവ്യാപാരമാണ് നെഗറ്റീവിലേക്ക് പോയത്. ഒരുവേള ബാരലിന് -37.63 ഡോളര്‍ വരെ അമേരിക്കന്‍ എണ്ണ വില ഇടിഞ്ഞു. എണ്ണ കമ്പനികള്‍ വിതരണക്കാര്‍ കൊണ്ടുപോകുന്ന ഓരോ ബാരലിനും 37.63 ഡോളര്‍(ഏതാണ്ട് 2880 രൂപ) അങ്ങോട്ട് നല്‍കിയാണ് കച്ചവടം നടന്നത്. എന്നാല്‍, അമേരിക്കന്‍ എണ്ണവിലയിലെ കുറവ് ഇന്ത്യയില്‍ നേരിട്ട് പ്രതിഫലിക്കില്ല. കാരണം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രന്റ് ക്രൂഡിന്റെ വില ഒപെകാണ് തീരുമാനിക്കുന്നത്. ഒപെക് ഉത്പാദനം കുറച്ചെങ്കിലും ക്രൂഡ് വിലയില്‍ കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ മൂലം അത് സാധാരണ ജനങ്ങളിലേക്കെത്താനുള്ള സാധ്യത വളരെ കുറവാണ്.

Exit mobile version