മഹാരാഷ്ട്രയിൽ കൊവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആശുപത്രി ജിവനക്കാർക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതോടെ വോക്കാർഡ് ഉൾപ്പെടെയുള്ള പല സ്വകാര്യ അശുപത്രികളും അടച്ചുപൂട്ടി. എന്നാൽ ജീവനക്കാരുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാതെ തുടർന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് മുംബൈയിലെ ബോംബെ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസർച്ച് സെന്റർ. കൊവിഡ് സ്ഥിരീകരിച്ചിട്ടും നഴ്സുമാരെ ജോലി ചെയ്യാൻ നിർബന്ധിക്കുകയാണ് ബോംബെ ഹോസ്പിറ്റൽ മാനേജ്മെന്റ്. വൃത്തിഹീനമായ ഐസൊലേഷൻ വാർഡുകൾ, പിപിഇയുടെ ദൗർലഭ്യം തുടങ്ങി ആശുപത്രി മാനേജ്മെന്റിന്റെ വീഴ്ചകൾ നഴ്സുമാരുടെ ജീവന് ഭീഷണിയായതെങ്ങനെയെന്ന് ട്വന്റിഫോർന്യൂസ്.കോമിനോട് വിവരിക്കുകയാണ് ബോംബെ ഹോസ്പിറ്റലിൽ വർഷങ്ങളായി ജോലി നോക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി നഴ്സ്.
ജീവനക്കാർക്ക് കൊവിഡ് ബാധിക്കാൻ കാരണം ആശുപത്രി മാനേജ്മെന്റിന്റെ വീഴ്ച
പന്ത്രണ്ടോളം ഡോക്ടർമാർ, പത്തോളം നഴ്സുമാർ, ആറോളം മറ്റ് ജീവനക്കാർ എന്നിവർക്കാണ് നിലവിൽ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പിപിഇയുടെ ദൗർലഭ്യം ഒന്നുകൊണ്ട് മാത്രമാണ് ബോംബെ ഹോസ്പിറ്റലിലെ ജിവനക്കാർക്ക് കൊവിഡ് ബാധയേറ്റതെന്ന് നഴ്സ് ട്വന്റിഫോർന്യൂസ്.കോമിനോട് വെളിപ്പെടുത്തുന്നു. വേണ്ടത്ര മാസ്ക്കോ, മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെയാണ് കൊവിഡ് രോഗികളെ ഇവിടുത്തെ ആശുപത്രി ജീവനക്കാർ പരിചരിച്ചിരുന്നത്.
മാത്രമല്ല വേണ്ട മാർഗനിർദേശങ്ങളൊന്നും നൽകാതെയാണ് പലപ്പോഴും നഴ്സുമാരെ കൊവിഡ് വാർഡിൽ ഡ്യൂട്ടിക്കായി നിയമിച്ചിരുന്നത്. മാസ്ക്ക് ധരിക്കുന്നത്, സുരക്ഷാവസ്ത്രം ധരിക്കുന്നത് തുടങ്ങി കൊവിഡ് മുൻകരുതലിനെ കുറിച്ചൊന്നും തന്നെ പറയാതെ അർധരാത്രി പോലും തട്ടിയുണർത്തി കൊവിഡ് വാർഡിലേക്ക് അയച്ചിട്ടുണ്ടെന്ന് നഴ്സ് പറയുന്നു.
ആശുപത്രിയിലെ കൊവിഡ് വാർഡിന്റെ അവസ്ഥയും പരിതാപകരമാണ്. അവിടെ ആവശ്യത്തിന് സ്റ്റാഫുകളൊ സൗകര്യങ്ങളോ ഒന്നും തന്നെയില്ലെന്നും അവർ ആരോപിക്കുന്നു. രണ്ട് നിലകളിലായിട്ടാണ് വാർഡ് ക്രമീകരിച്ചിരിക്കുന്നത്. ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കാതിരുന്നതുകൊണ്ട് ഒരാൾ തന്നെ രണ്ട് നിലകളിലും മാറി മാറി രോഗികളെ പരിചരിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ കൊറോണ വാർഡിൽ ഊണും ഉറക്കവുമില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്.
അവഗണനയുടെ കൊടുമുടിയിൽ നഴ്സിംഗ് സമൂഹം
ആശുപത്രിയിലെ പന്ത്രണ്ടോളം ഡോക്ടർമാർക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവരുമായി അടുത്തിടപഴകിയ അറുപതോളം നഴ്സുമാർ നിരീക്ഷണത്തിലാണ്. ഡോക്ടർമാർ ആശുപത്രി ഐസൊലേഷനിൽ വൃത്തിയുള്ള അന്തരീക്ഷത്തിൽ സർവ സൗകര്യങ്ങളോടെയുമാണ് കഴിയുന്നത്. എന്നാൽ അവഗണനയുടെ കൊടുമുടിയിലാണ് ഇവിടുത്തെ നഴ്സ് സമൂഹം. വൃത്തിഹീനമായ ഐസൊലേഷൻ വാർഡുകളും, ശുചിമുറിയും രോഗവ്യാപനത്തിന്റെ ആക്കം കൂട്ടുകയാണ്. ഹാൻഡ് സാനിറ്റൈസർ പോലും നൽകാൻ അധികൃതർ തയാറായിട്ടില്ല. ഭക്ഷണവും വെള്ളവും കൃത്യമായി ലഭിക്കുന്നതാണ് ഏക ആശ്വാസം.
കൊവിഡ് സ്ഥിരീകരിച്ചിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാൻ സമ്മർദം
നിലവിൽ നിരീക്ഷണത്തിൽ കഴിയുന്ന നഴ്സുമാരിൽ ആദ്യ ഫലം നെഗറ്റീവായതോടെ ക്വാറന്റീൻ കാലാവധി പൂർണമാക്കാൻ സമ്മതിക്കാതെ ജോലിയിൽ തിരികെ പ്രവേശിക്കാൻ പറയുകയായിരുന്നു. നഴ്സുമാർ ശക്തമായി ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചതോടെ ആശുപത്രി മാനേജ്മെന്റ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പകരം കൊവിഡ് ഐസിയുവിൽ കഴിയുന്ന കൊവിഡ് പോസിറ്റീവായ നഴ്സുമാരോട് അൽപ്പനേരത്തേക്ക് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചു. അവർ തന്നെയാണ് തങ്ങളുടെ സുഹൃത്തായ മലയാളി നഴ്സിനോട് ഇക്കാര്യം പറഞ്ഞത്. നിലവിൽ കൊവിഡ് ബാധിച്ച ആശുപത്രി ജീവനക്കാരെ പരിചരിക്കാനോ അവർക്ക് വേണ്ട മാർഗനിർദേശങ്ങളോ ചികിത്സയോ നൽകാൻ ആശുപത്രിയിൽ ആരും തന്നെയില്ല. ഇവരെ പരിചരിക്കാൻ ആരും വരുമെന്ന പ്രതീക്ഷ വേണ്ടെന്ന് അവിടുത്തെ ഹെഡ് നഴ്സ് പറഞ്ഞതായി മലയാളി നഴ്സ് പറയുന്നു.
നഴ്സുമാരെ കൊവിഡ് ടെസ്റ്റിന് പോലും വിധേയമാക്കുന്നില്ല
നിലവിൽ കൊവിഡ് പോസിറ്റീവായ പത്തോളം നഴ്സുമാർ ഇത്രനാൾ താമസിച്ചിരുന്നത് ഹോസ്റ്റലിലാണ്. ഹോസ്റ്റലിൽ ഉള്ളവരെയെങ്കിലും കൊവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ആശുപത്രി മാനേജ്മെന്റ് ഇതിന് തയാറായിട്ടില്ല. പകരം നിർബന്ധമായും ഡ്യൂട്ടിക്ക് പറഞ്ഞുവിടുകയാണ് ചെയ്തതെന്ന് മലയാളി നഴ്സ് പറയുന്നു.
അറുനൂറോളം നഴ്സുമാരാണ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നത്. ഇതിൽ 60 ഓളം നഴ്സുമാരെ മാത്രമാണ് ഐസൊലേറ്റ് ചെയ്തിരിക്കുന്നത്. അതായത് ഡോക്ടർമാരുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെ മാത്രം. ബാക്കിയുള്ള നഴ്സുമാരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന ആവശ്യം മാനേജ്മെന്റ് ചെവികൊള്ളുന്നില്ല. മറ്റ് നഴ്സുമാരെ കൂടി കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി അവരുടെ ഫലം പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിൽ ജീവനക്കാരായി സേവനമനുഷ്ഠിക്കാൻ വേണ്ടത്ര സ്റ്റാഫുകൾ ഉണ്ടാകില്ല എന്ന കാരണമാകാം ആശുപത്രി മാനേജ്മെന്റിനെ പിന്നോട്ട് വലിക്കുന്നത്.
ആശുപത്രി മാനേജ്മെന്റിന്റെ മനുഷ്യത്വരഹിത നടപടിക്കെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വഴിയും മറ്റും സർക്കാരിന് പരാതി നൽകാൻ ശ്രമിച്ചുവെങ്കിലും അധികൃതരിലേക്ക് പരാതി എത്തിയിട്ടില്ല. തങ്ങളുടെ ദുരവസ്ഥ ലോകത്തിന് മുന്നിലേക്കെത്തിച്ച് ജീവൻ തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവർ.