രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം. മന്ത്രിസഭാ ഉപസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. വിവരം ഉപസമിതിയിലെ മുതിന്ന മന്ത്രി മാധ്യമങ്ങളോട് അനൗദ്യോഗികനായി പങ്കുവച്ചു.
മെയ് മൂന്നിനു ശേഷം പൊതുഗതാഗതം അനുവദിച്ചാൽ സംസ്ഥാനാന്തര യാത്രകൾ വലിയ രീതിയിൽ നടക്കാൻ സാധ്യതയുണ്ട്. ഇത് കൊവിഡ് പ്രതിരോധത്തിനു വെല്ലുവിളിയാകും. അതു കൊണ്ട് തന്നെ ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും അവസാനം പൊതുഗതാഗതം പുനരാരംഭിക്കാനാണ് ഉപസമിതിയുടെ നിർദ്ദേശം. നിർദ്ദേശം പ്രധാനമന്ത്രിക്ക് കൈമാറി.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മെയ് മൂന്നിനു ശേഷം പിൻവലിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര വിമാന സർവീസുകളിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. എയർ ഇന്ത്യ അടക്കം ബുക്കിംഗ് ആരംഭിച്ചു. തുടർന്ന് വ്യോമയാനമന്ത്രി സർക്കാർ അറിയിച്ചതിനു ശേഷം ബുക്കിംഗ് തുടങ്ങിയാൽ മതിയെന്ന് നിർദ്ദേശം നൽകിയിരുന്നു.
മെയ് 15നു ശേഷമുള്ള ഏതെങ്കിലും ഒരു ദിവസമാകും പൊതുഗതാഗതം പുനരാരംഭിക്കുക. ജൂൺ മാസത്തോടെ മാത്രമേ പൂർണമായും പൊതുഗതാഗതം പുനരാരംഭിക്കൂ എന്നും സൂചനയുണ്ട്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 14792 ആയി. 488 പേർ മരിച്ചു. 24 മണിക്കൂറിനിടെ 957 പുതിയ കേസുകളും 36 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണം രണ്ടായിരം കടന്നു. 2015 പേരാണ് ആശുപത്രി വിട്ടത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ പന്ത്രണ്ട് പേർ മരിച്ചു. ഡൽഹിയിൽ കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 76 ആയി.
റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളിലെ 29.8 ശതമാനവും നിസാമുദിൻ സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23 സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഗുരുതരമായി ബാധിച്ചു. അതേസമയം, രാജ്യത്തെ 45 ജില്ലകളിൽ 14 ദിവസമായി പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.