Site icon Ente Koratty

മുന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയുടെ ആഢംബര വിവാഹം വിവാദമാകുന്നു

ലോക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയുടെ ആഢംബര വിവാഹം വിവാദമാകുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സമ്പര്‍ക്ക വിലക്കുകള്‍ ലംഘിച്ചുകൊണ്ട് വലിയ ചടങ്ങായി നിഖിലിന്റെ വിവാഹം നടത്തിയതാണ് വിവാദമാകുന്നത്. ദേവഗൗഡയുടെ മകനും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുടെ മകനാണ് നിഖില്‍ കുമാരസ്വാമി.

കോണ്‍ഗ്രസ് നേതാവ് എം കൃഷ്ണപ്പയുടെ ബന്ധത്തിലെ അനന്തരവളായ രേവതിയും നിഖിലുമായുള്ള വിവാഹം ഇന്ന് രാവിലെയാണ് നടന്നത്. പുറത്തു നിന്നും ആരെയുംക്ഷണിച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞ വിവാഹ ചടങ്ങില്‍ 100ലേറെ പേര്‍ പങ്കെടുത്തതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. സമ്പര്‍ക്ക വിലക്കുകള്‍ക്കിടെ നടത്തിയ വിവാഹത്തിനെത്തിയവര്‍ ആരും കോവിഡിനെതിരായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും ചിത്രങ്ങളില്‍ നിന്ന് തെളിയുന്നുണ്ട്. വധൂവരന്മാരുടെ മാതാപിതാക്കളും 86കാരനായ എച്ച്.ഡി കുമാരസ്വാമിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബംഗളൂരുവില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയുള്ള കുമാരസ്വാമിയുടെ മണ്ഡലമായ രാമനഗരയിലെ ഫാം ഹൗസിലാണ് വിവാഹം നടന്നത്. നേരത്തെ ബംഗളൂരുവിലാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഇവിടെ കോവിഡിനെ തുടര്‍ന്ന് റെഡ് സോണായി പ്രഖ്യാപിച്ചതോടെ വിവാഹ ചടങ്ങ് നടത്തുക അസാധ്യമാവുകയായിരുന്നു. മുന്‍ നിശ്ചയിച്ച വിവാഹം മാറ്റിവെക്കാന്‍ ഇരുകുടുംബങ്ങളും തയ്യാറാവാതിരുന്നതോടെ വിവാഹവേദി ഫാം ഹൗസിലേക്ക് മാറ്റുകയായിരുന്നു.

വധൂവരന്മാരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വൈകാതെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. പരമാവധി 70 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുത്തുള്ളൂ എന്നാണ് കുമാരസ്വാമി അവകാശപ്പെട്ടത്. സാഹചര്യങ്ങള്‍ സാധാരണ നിലയിലായ ശേഷം വലിയ വിവാഹസത്കാരം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കന്നഡ, തെലുങ്ക് അഭിനേതാവായ നിഖില്‍ കുമാരസ്വാമി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ മത്സരിച്ചിരുന്നു. എന്നാല്‍, ദേവഗൗഡ കുടുംബത്തിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് സുമലതയാണ് ഇവിടെ നിന്നും ജയിച്ചുകയറിയത്.

ആരായാലും നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ലോക്ഡൗണ്‍ നടപടിക്രമങ്ങള്‍ തെറ്റിച്ചിട്ടാണ് വിവാഹം നടന്നതെങ്കില്‍ നടപടിയെടുക്കുമെന്നും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറെക്കാലമായി പൊതുമണ്ഡലത്തിലുള്ള മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രികൂടിയായ കുമാരസ്വാമിക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്നും അശ്വന്ത് നാരായണ്‍ ചോദിച്ചു.

Exit mobile version