പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററുകളിൽ നിന്ന് പണം വിതറുമെന്ന് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത സംപ്രേഷണം ചെയ്തതിന് കന്നഡ ടിവി ചാനലിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഹെലികോപ്റ്ററുകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ വിതറുമെന്ന് വ്യാജ വാര്‍ത്ത നല്കിയ പബ്ലിക് ടിവി എന്ന ചാനലിന് വാർത്താവിതരണ മന്ത്രാലയം നോട്ടീസ് അയച്ചു. വാര്‍ത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും ഗ്രാമങ്ങളിൽ നോട്ട് മഴ പ്രതീക്ഷിച്ച് ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ കാത്തിരുന്നതായും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ നാഗേന്ദ്ര സ്വാമി പറഞ്ഞു.
ചട്ടപ്രകാരം ടെലിവിഷൻ ചാനലിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് നോട്ടീസില്‍ ആരാഞ്ഞിരിക്കുന്നതെന്നും സ്വാമി പറഞ്ഞു. “ഏപ്രിൽ 15ന്, പബ്ലിക് ടിവി രാത്രി 8:30 ന് ഹെലികോപ്റ്റർ മണി എന്ന ഒരു വാര്‍ത്താ പരിപാടി പ്രക്ഷേപണം ചെയ്തു, ഇത് തെറ്റാണ്, പ്രക്ഷേപണ ചട്ടങ്ങളും നിയമങ്ങളും വ്യക്തമായി ലംഘിക്കുന്നതാണ്,” സ്വാമി പറഞ്ഞു. രാജ്യം മുഴുവൻ കോവിഡ് -19 നെതിരെ പോരാടുമ്പോൾ എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പരിഭ്രാന്തിയും സാമൂഹിക അസ്വസ്ഥതയും സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ചാനലിന് മറുപടി നൽകാൻ 10 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അടുത്തിടെ റിസർവ് ബാങ്കിനോട് (ആർ.ബി.ഐ) ‘ഹെലികോപ്റ്റർ മണി’ നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് കൂടുതല്‍ പണം അച്ചടിച്ച് വിപണിയിലേക്ക് എത്തിക്കുകയും ഇതുവഴി സാമ്പത്തിക മേഖലയിലെ അസ്ഥിരത ഒഴിവാക്കാനുള്ള ശ്രമത്തിനുമാണ് ‘ഹെലികോപ്റ്റർ മണി’ എന്ന് പറയുന്നത്. അല്ലാതെ ഹെലികോപ്റ്റര്‍ വഴി നോട്ട് മഴ പെയ്യിക്കലല്ല.