Site icon Ente Koratty

ഗുജറാത്തിലെ ആശുപത്രിയില്‍ ഹിന്ദു- മുസ്‌ലിം കോവിഡ് വാര്‍ഡുകള്‍

ഗുജറാത്തിലെ അഹ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ 1200 കിടക്കകളാണ് കോവിഡ് 19 രോഗികളുടെ ചികിത്സക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു, മുസ്‌ലിം എന്നിങ്ങനെ തരം തിരിച്ച് വാര്‍ഡുകളിലാക്കുന്നതായി ആരോപണം. രോഗികളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകളേയും ഹിന്ദുക്കളേയും വ്യത്യസ്ത വാര്‍ഡുകളില്‍ ചികിത്സിക്കുന്നതെന്നാണ് മെഡിക്കല്‍ സൂപ്പര്‍ഇന്റന്റ് ഡോ. ഗുണവന്ത് എച്ച് റാത്തോഡ് പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇതേക്കുറിച്ച് അറിവില്ലെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലിന്റെ പ്രതികരണം.

സാധാരണ ആശുപത്രിയില്‍ സ്ത്രീ പുരുഷ വാര്‍ഡുകളാണ് ഉണ്ടാവാറെന്നും എന്നാല്‍ ഇവിടെ ഹിന്ദു മുസ്‌ലിം രോഗികള്‍ക്ക് വ്യത്യസ്ത വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഡോ. റാത്തോഡ് പ്രതികരിച്ചത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തീരുമാനമാണെന്നും അവരോട് ചോദിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരെ രോഗം സ്ഥിരീകരിക്കുന്നത് വരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ താമസിപ്പിക്കാനാണ് പൊതു നിര്‍ദേശമുള്ളത്. അഹ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് ലക്ഷണങ്ങളുമായി എത്തിയ 186 പേരില്‍ 150 പേരുടേയും പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതില്‍ നാല്‍പതോളം പേരാണ് മുസ്‌ലിംകളെന്നാണ് ആശുപത്രി അധികൃതരുടെ കണക്കുകള്‍ കാണിക്കുന്നത്.

ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിവില്ലെന്നും സാധാരണ സ്ത്രീ പുരുഷ വാര്‍ഡുകളാണ് ഉണ്ടാവാറെന്നുമാണ് ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പ്രതികരിച്ചത്. വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു നിര്‍ദേശത്തെക്കുറിച്ച് അറിയില്ലെന്നാണ് അഹ്മദാബാദ് ജില്ലാ കളക്ടറും പ്രതികരിച്ചത്.

ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു രോഗികളില്‍ നിന്നുള്ള പ്രതികരണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ‘എ4 വാര്‍ഡിലുണ്ടായിരുന്ന 28 പേരെ ഞായറാഴ്ച്ച രാത്രിയില്‍ പേരു വിളിച്ച് സി4 വാര്‍ഡിലേക്ക് മാറ്റി. എന്തുകൊണ്ടാണ് മാറ്റുന്നതെന്ന് പറഞ്ഞില്ല. മാറ്റിയ എല്ലാവരും ഒരു മതവിഭാഗക്കാരായിരുന്നു. ഇതെന്തുകൊണ്ടാണെന്ന് ആശുപത്രി ജീവനക്കാരനോട് ചോദിച്ചപ്പോള്‍ ഇരു വിഭാഗക്കാരുടേയും നല്ലതിനാണ് നടപടിയെന്നാണ് പറഞ്ഞത്’എന്നാണ് ആശുപത്രിയിലെ ഒരു രോഗിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Exit mobile version